തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ആക്ടീവ് കേസുകള്‍ കൂടിയ വാര്‍ഡുകളില്‍
പ്രത്യേക നിയന്ത്രണം

സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗവ്യാപന സാധ്യത ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാല് വിഭാഗമായി തിരിച്ചാണ് ഇനി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. എ വിഭാഗം: ടിപിആര്‍ എട്ടില്‍ കുറവ്. ബി വിഭാഗം: ടിപിആര്‍ എട്ടിനും 20 നും ഇടയില്‍. സി വിഭാഗം: 20നും 30 നും ഇടയില്‍. ഡി വിഭാഗം: 30ന് മുകളില്‍ എന്ന നിലയിലാണ് പ്രദേശങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ജില്ലയില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടിപിആര്‍) എട്ടില്‍ കുറവുള്ള ( എ വിഭാഗം) തദ്ദേശസ്ഥാപന പരിധിയിലെ ഏതെങ്കിലും വാര്‍ഡില്‍ കൊവിഡ് ആക്ടീവ് കേസുകള്‍ കൂടുതലാണെങ്കില്‍ ആ പ്രദേശത്തെ ബി വിഭാഗമായി കണക്കാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി തദ്ദേശസ്ഥാപന വാര്‍ഡുകളുടെ പട്ടിക തയ്യാറാക്കും. ഇതനുസരിച്ച് പത്തില്‍ കൂടുതല്‍ കേസുകളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളില്‍ ബി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 9,17,38,39,42,43,45 എന്നിവയാണ് ഈ ഡിവിഷനുകള്‍. ഇവിടെ ജൂണ്‍ 23 വരെ നിയന്ത്രണമുണ്ടാവും.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോഴും ജാഗ്രത കൈവിടാതിരിക്കാനാണ് ഈ നടപടിയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ ( എ വിഭാഗം) എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ഇവിടെ ജീവനക്കാര്‍ 50 ശതമാനം മാ്രതമായിരിക്കണം. 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ (ബി വിഭാഗം) അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ജീവനക്കാര്‍ 50 ശതമാനം ആയിരിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: