ബ്ലാക്ക് ഫംഗസ്: കേരളത്തില്‍ ഏഴുപേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഏഴുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴുപേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നിലവില്‍ കേരളത്തില്‍ മ്യൂക്കോമൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘകാല പ്രമേഹ രോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്‌സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുള്ള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുള്ളവരില്‍ ദോഷം ചെയ്യില്ല. എച്ച്.ഐ.വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുള്ളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരില്‍ ബ്‌ളാക് ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം. കോവിഡ് കാരണമുള്ള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്റ്റീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: