രാജസ്ഥാനില്‍ നിന്നുള്ള 1458 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി; ജില്ലയില്‍ നിന്ന് ഇതുവരെ മടങ്ങിയത് 5328 പേര്‍

ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ  1458 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ശനിയാഴ്ച രാത്രി 9ന് പുറപ്പെട്ട ജയ്പൂരിലേക്കുള്ള ട്രെയിനില്‍ രാജസ്ഥാന്‍ സ്വദേശികളാണ് മടങ്ങിയത്.

ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 48 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ എത്തിച്ചത്. ട്രെയിനിലും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ഇരിപ്പിടങ്ങള്‍ നല്‍കിയത്. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. തിങ്കളാഴ്ച രാത്രിയോടെയാണ് ട്രെയിന്‍ ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുക.

ബസ്സുകളില്‍ കയറുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയിരുന്നു. ഇവര്‍ക്ക്  യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നേരത്തേ അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ജില്ലയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 5328 ആയി.

അതിഥി തൊഴിലാളികളെ യാത്രയയക്കാന്‍ സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഡിപി ടി ജെ അരുണ്‍, ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ, തഹസില്‍ദാര്‍ വിഎം സജീവന്‍ തുടങ്ങിയവര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: