കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആയുര്‍രക്ഷാ ക്ലിനിക്കുമായി ആയുര്‍വ്വേദ വിഭാഗം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആയുര്‍രക്ഷാ ക്ലിനിക്കുമായി ആയുര്‍വ്വേദ വിഭാഗം. രോഗപ്രതിരോധവും, രോഗമുക്തിക്ക് ശേഷമുള്ള ആരോഗ്യ പരിരക്ഷയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ ആയുര്‍വ്വേദ ആശുപത്രികളും, ഡിസ്‌പെന്‍സറികളും കേന്ദ്രീകരിച്ചാണ് ആയുര്‍രക്ഷാ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. പൊലീസ്, ഫയര്‍ഫോഴ്‌സ് – സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അറുപത് വയസ്സിന് മുകളിലുള്ളവര്‍ എന്നിവരുടെ രോഗപ്രതിരോധത്തിനാണ് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രത്യേക പരിഗണന നല്‍കുന്നത്.

‘കരുതലോടെ കേരളം കരുത്തേകാന്‍ ആയുര്‍വ്വേദം’ എന്ന സന്ദേശത്തോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായാണ് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ ആരംഭിച്ചിരിക്കുന്നത്. 60 വയസ്സിന് മുകളിലുള്ളവരെ പ്രത്യേകം പരിഗണിച്ചു കൊണ്ട് തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ ‘സുഖായുഷ്യം’ എന്ന ആരോഗ്യസംരക്ഷണ പരിപാടിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം വീട്ടിലിരിക്കുന്നവരുടെ രോഗചികിത്സയ്ക്കായി വിര്‍ച്വല്‍ ആയുര്‍വ്വേദ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് സുഖവ്യായാമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ‘സ്വസ്ഥ്യ’എന്ന വ്യായാമ പരിശീലന പദ്ധതികളും നടപ്പിലാക്കും. ആരോഗ്യസംരക്ഷണത്തിനുള്ള ഉപദേശങ്ങള്‍ക്കും, നിര്‍ദ്ദേശങ്ങള്‍ക്കും അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരെയൊ, 9744107820 എന്ന നമ്പറിലോ ബന്ധപ്പെടാവുതാണ്.

ആയുര്‍രക്ഷാ ക്ലിനിക്കിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. ആയുഷിന്റെയും, എന്‍ എച്ച് എമ്മിന്റെയും കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ആയുര്‍രക്ഷാ ക്ലിനിക്കുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാകുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: