കർണ്ണാടകത്തിൽ നിന്നും വന പാതയിലൂടെ കാലങ്കിയിലെത്തിയ 10 അംഗ സംഘത്തെ കൊറോണാ കേർ സെന്ററിലേക്ക്‌ മാറ്റി

ഇരിട്ടി : കർണ്ണാടകയിൽ നിന്നും വനപാതയിലൂടെ ഉളിക്കൽ പഞ്ചായത്തിലെ കലാങ്കിയിലെത്തിയ 10 അംഗ സംഘത്തെ കൊറോണാ കേർ സെന്ററിലേക്ക് മാറ്റി. കുടക് സിദ്ദാപുരത്ത് കൃഷിപ്പണിക്കായി പോയ വെളിയമ്പ്ര, മാലൂർ, പടിയൂർ , മട്ടന്നൂർ സ്വദേശികളെയാണ് അധികൃതർ ഇടപ്പെട്ട് ഇരിട്ടിമടത്തിയിലെ കൊറോണാ കെയർ സെന്ററിലേക്ക് മാറ്റിയത് .

കർണ്ണാടകത്തിലെ കുടക് സിദ്ദാപുരത്ത് കൃഷിക്കായി പോയ 10 അംഗ സംഘമാണ് കർണ്ണാടക വനത്തിലൂടെ ബുധനാഴ്ച ഉച്ചയോടെ ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിലെത്തിയത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതരെ വിവരമറിയിക്കുകയും, അധികൃതരും നാട്ടുകാരും ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നൽകിയ ശേഷം ആരോഗ്യ വകുപ്പ് അധികൃതർ ഇവരുടെ ആരോഗ്യ നില പരിശോധിച്ചു. തുടർന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന്റെ നിർദ്ദേശാനുസരണം 10 പേരെയും ആംബുലൻസിൽ ഇരിട്ടിയിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. സംഭവമറിഞ്ഞ ഉടനെ ഉളിക്കൽ പോലീസും, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകി.

നിലവിലെ സാഹചര്യത്തിൽ ആളുകൾ ഇതേ വഴിയിലൂടെ ഇനിയും എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ . 10 അംഗ സംഘം കർണ്ണാടകയിലെ ചില ആളുകളുടെ സഹായത്തോടെ എളുപ്പ വഴിയിലൂടെയാണ് ഇതു വഴി വന്നത് . ഇതിനായി കുറച്ചുദൂരം വാഹനത്തിലെത്തുന്നതിനും ചിലരുടെ സഹായത്താൽ കാട്ടുവഴി കാണിച്ചു നൽകുന്നതിനുമായി 8000 ത്തോളം രൂപ ചിലവാക്കുകയും ചെയ്തതായി ഇവർ പറഞ്ഞു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇവിടെ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരൻ, ഇരിട്ടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പി.രവീന്ദ്രൻ , രാജേഷ് പി ജെയിംസ്, കെ.എസ് ഗിരിജ, ഉളിക്കൽ പഞ്ചായത്തു പ്രസിഡന്റ് ഷേർളി അലക്‌സാണ്ടർ എന്നിവർ ചേർന്നാണ് ഇവരെ കൊറോണാ കേർ സെന്ററിൽ എത്തിക്കാൻ നേതൃത്വം നൽകിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: