മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കും

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശുചിത്വ  സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 23 ന് ജില്ലാ തലത്തിലും, 26 ന് ബ്ലോക്ക് തലത്തിലും 30 ന് പഞ്ചായത്ത് തലത്തിലും  പരിശീലനം സംഘടിപ്പിക്കും. ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഓടകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ വ്യാപാരി സമൂഹത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം പൊതുമരാമത്ത് വകുപ്പും ഒരു യജ്ഞമെന്ന നിലക്ക് ഓടകള്‍വൃത്തിയാക്കണമെന്നും അവര്‍ പറഞ്ഞു.

വാര്‍ഡ് തല പരിപാടികള്‍ തുടര്‍ന്നും നടക്കും. ഉറവിട സംസ്‌ക്കരണം നിലവില്‍ നടക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കും. രോഗ പ്രതിരോധം, പകര്‍ച്ച വ്യധി രോഗ പ്രതിരോധം, ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, ഗവ.സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും ഹരിത പെരുമാറ്റ ചട്ടത്തിനു കീഴില്‍ ഉള്‍പ്പെടുത്തല്‍, ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കല്‍, ശുചിത്വ സക്വാഡുകള്‍ കണ്ടെത്തുന്ന പറമ്പുകള്‍ വൃത്തിയാക്കല്‍  തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് യോഗത്തിലുണ്ടായത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുക, വഴിയോര കച്ചവടക്കാര്‍ക്കും, കുട്ടികള്‍ക്കും പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെ ബോധവല്‍ക്കരണം നല്‍കുക, പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ ഊര്‍ജിതമാക്കുക  തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇതിന്റെ ഭാഗമായി കച്ചവടക്കാരെയും, കുട്ടികളെയും ബോധവല്‍ക്കരിക്കാനായി ക്യാമ്പയിന്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം രാജീവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: