ഹാഷിഷ് ഓയിലുമായി മയക്കുമരുന്നു വില്പനക്കാരൻ വീണ്ടും പിടിയിൽ

കേളകം: ലഹരിമരുന്ന് വില്പനക്കാരനായ യുവാവ് ബൈക്കിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി വീണ്ടും പോലീസ് പിടിയിലായി. കൊട്ടിയൂർ അടയ്ക്കാത്തോട് സ്വദേശി പടിയ കണ്ടത്തിൽജെറിൻ പി.ജോർജിനെ (23) യാണ് എസ്.ഐ. ജാൻസി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 8 മണിയോടെ ചുങ്കക്കുന്നിൽ വെച്ചാണ് വാഹന പരിശോധനക്കിടെ കെ.എൽ.59.ഡി. 8531 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന ലഹരിമരുന്നായ 1.5 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായത്.ഏറണാകുളത്ത് നിന്നും വില്പനക്കായി കൊണ്ടുവന്നതാണ് ലഹരി മരുന്നെന്ന് പോലീസ് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. കഴിഞ്ഞ മാസവും ഇയാൾ ലഹരിമരുന്നുമായി പോലീസ് പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.