ഐ.എസ്.ബന്ധം: കേരളത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: ഭീകര സംഘടനയായ ഐ.എസിന്റെ ആശയം പ്രചരിപ്പിച്ചെന്ന കേസില്‍ കേരളത്തില്‍നിന്ന് കഴിഞ്ഞ ദിവസം നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ പരിശോധിച്ച സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന.
വളരെ ആസൂത്രിതമായ നീക്കമാണ് എന്‍.ഐ.എ. തിങ്കളാഴ്ച നടത്തിയത്. കേരളത്തില്‍ കൊല്ലം, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലായി എട്ടിടത്തും ബംഗളൂരുവില്‍ രണ്ടിടത്തും ഡല്‍ഹിയില്‍ ഒരിടത്തുമാണ് ഇന്നലെ ഒരേസമയം എന്‍.ഐ.എ. റെയ്ഡ് നടത്തിയത്.
കണ്ണൂരില്‍നിന്ന് ഒരു യുവതിയെയും കൊല്ലത്തുനിന്ന് ഒരു ഡോക്ടറെയും അടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ താണയിലെ ഖദീജ മന്‍സിലില്‍ മിസ്ഹാബ്(22), മിഷ(22), ഷിഫ ഹാരിസ് (24), കൊല്ലം ഓച്ചിറ, മേമന മാറനാട് വീട്ടില്‍ ഡോ. റഹീസ് റഷീദ് (33) എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെയെല്ലാം ട്രാസിറ്റ് വാറണ്ട് വാങ്ങി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ് തുടങ്ങിയ സമൂഹമാധ്യമ ആപ്പുകള്‍ വഴി ഐ.എസിന്റെ ജിഹാദി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് മലപ്പുറം സ്വദേശി മുഹമ്മദ് ആമീന്‍ എന്ന അബു യഹിയ ആണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഇയാളെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാജ്യത്തെ 11 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നതും കേരളത്തില്‍നിന്ന് നാലുപേരെ അറസ്റ്റ് ചെയ്തതും. 

കശ്മീരിലേക്ക് ഭീകരപ്രവര്‍ത്തനത്തിനായി റിക്രൂട്ട്‌മെന്റിനും ചാവേര്‍ ആക്രമണത്തിനുമായി ഇതേ സംഘം ശ്രമിച്ചിരുന്നു. കേരളത്തിലെയും കര്‍ണാടകത്തിലെയും ചില യുവാക്കളെ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. തീര്‍ത്ഥാടനത്തിന്റെ മറവില്‍ യുവാക്കളെ കശ്മീരില്‍ കൊണ്ടുപോയി ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ശ്രമം നടത്തിയതായും എന്‍.ഐ.എ. പറയുന്നു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: