പരിയാരം മെഡിക്കല്‍ കോളജ് ഇനി മുതൽ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്

പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് ഇനി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്. ഈ വര്‍ഷത്തെ പിജി സീറ്റുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ക്വാട്ടയിലായിരിക്കുമെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവിലാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്, പരിയാരം എന്ന് പേര് നല്‍കിയിരിക്കുന്നത്.
35 സീറ്റുകളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് മാറുക. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ മെഡിക്കല്‍ കോളജില്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ മെഡിക്കല്‍ കോളജിന് സ്ഥാപകനായ എം.വി.രാഘവന്റെ പേര് നല്‍കണമെന്ന് സിഎംപി ജോണ്‍ വിഭാഗം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നുവെങ്കിലും എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയത്തിന്റെ ഭാഗമായിട്ടാണ് മെഡിക്കല്‍ കോളജുകള്‍ക്ക് ജില്ലകളുടെ പേര് നല്‍കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ചാണ് കണ്ണൂര്‍ ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന നിലയില്‍ പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. എല്ലാ രേഖകളിലും ഇതനുസരിച്ചുള്ള മാറ്റം വരുത്തും.

മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 11 പുതിയ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെങ്കിലും നിയമനങ്ങളായിട്ടില്ല. നിലവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള സീനിയറായ പ്രഫസര്‍മാരില്‍ നിന്നാണ് പുതിയ പ്രിന്‍സിപ്പാളിനെ കണ്ടെത്തേണ്ടത്. ഇതിന്റെ നടപടിക്രമങ്ങല്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ഏപ്രില്‍ മുതല്‍ സൗജന്യചികില്‍സ ഉള്‍പ്പെടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പില്‍ വരുന്നതിന് മുമ്പായി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ ഇതിന് തടസങ്ങളില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: