പെരുമാറ്റച്ചട്ടം; ജാഥകള്‍ നടത്തുമ്പോള്‍ മുന്‍കൂട്ടി അറിയിക്കണം

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമനുസരിച്ച് ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ തുടങ്ങുന്ന സമയം, സ്ഥലം പോകേണ്ട വഴി, സമാപിക്കുന്ന സമയം, സ്ഥലം എന്നിവ മുന്‍കൂട്ടി തീരുമാനിച്ച് പോലീസ് അധികാരികളെ വിവരം അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിശ്ചയിച്ച പരിപാടിയില്‍ സാധാരണഗതിയില്‍ മാറ്റം വരുത്താന്‍ പാടില്ല. ജാഥ പോകുന്ന പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുളള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോയെന്ന് സംഘാടകര്‍ അന്വേഷിച്ചറിയണം. ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നിരോധനങ്ങള്‍ പാലിക്കണം.

ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ ജാഥയുടെ ഗതി നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. നീണ്ട ജാഥയാണെങ്കില്‍ റോഡ് ജംഗ്ഷനുകളില്‍ ഗതാഗതത്തിനായി ഘട്ടം ഘട്ടമായി ജാഥയെ പോകാന്‍ അനുവദിക്കണം. റോഡിന്റെ വലത് ഭാഗം ചേര്‍ന്നു പോകുന്ന വിധം ജാഥകള്‍ ക്രമപ്പെടുത്തേണ്ടതാണ്. ഡ്യൂട്ടിയിലുളള പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

രണ്ടോ അതിലധികമോ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഒരേ സമയത്ത് ഒരു സ്ഥലത്തുകൂടി ജാഥ നടത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ജാഥകള്‍ തമ്മിലുളള സംഘട്ടനവും ഗതാഗത തടസ്സവും ഒഴിവാക്കുന്നതിനായി സംഘാടകര്‍ നേരത്തെത്തന്നെ കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളണം. ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടണം. ഏതെങ്കിലും രീതിയില്‍ ജാഥ തടസ്സപ്പെടുത്താനോ സംഘര്‍ഷം സൃഷ്ടിക്കാനോ ശ്രമമുണ്ടായാല്‍ പോലീസിന്റെ സഹായം തേടേണ്ടതാണ്.

ആവേശം കൂടുന്ന സമയത്ത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള സാധനസാമഗ്രികളുമായി ആരും ജാഥയില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മുന്‍കൈയെടുക്കണം. എതിര്‍ സ്ഥാനാര്‍ഥികളുടെയോ പാര്‍ട്ടി നേതാക്കളുടെയോ കോലങ്ങള്‍ കൊണ്ടുപോകുന്നതും അവ പരസ്യമായി കത്തിക്കുന്നതും പ്രോത്സാഹിപ്പിക്കരുത്. ഇത്തരം നടപടികള്‍ പെരുമാറ്റച്ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: