കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി സുരേഷ് കീഴാറ്റൂര്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് വയല്‍ക്കിളികളും മത്സരിക്കും. കണ്ണൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് സുരേഷ് കീഴാറ്റൂര്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി സമരത്തിന് ഒരു വോട്ട് എന്നാണ് മുദ്രാവാക്യം.
കേരളത്തിലുള്ള പരിസ്ഥിതി സമരങ്ങളുടെ പ്രതീകമായാണ് ജനവിധി തേടുന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് സുരേഷ് കീഴാറ്റൂരാകും മത്സരിക്കുക. മറ്റുള്ളവര്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വയല്‍ക്കിളികള്‍ അറിയിച്ചു. പരിസ്ഥിതി സമരങ്ങളുടെ പ്രാധാന്യം പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും വയല്‍ക്കിളികള്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് മണ്ഡലത്തില്‍ പെട്രോളിയം സംഭരണശാലക്കെതിരെ സമരം ചെയ്യുന്നവരും വയല്‍ക്കിളികളുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ മാസം വയല്‍ക്കിളികള്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറിയിരുന്നു. ദേശീയ പാത ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രേഖകള്‍ കൈമാറിയത്. ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയല്‍ക്കിളികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: