സൂര്യാഘാത മുന്നറിയിപ്പ് ; കണ്ണൂർ ജില്ലയിൽ മൂന്ന് ഡിഗ്രി വരെ വർദ്ധനവുണ്ടാകാൻ സാദ്ധ്യത

വേനൽച്ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നാളെയും സൂര്യാഘാത മുന്നറിയിപ്പ് നൽകി .കോഴിക്കോട് , കണ്ണൂർ , തൃശ്ശൂർ , എറണാകുളം , കോട്ടയം എന്നീ ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു .ഈ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങൾ പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .നേരത്തെ അന്തരീക്ഷ താപനിലയിലെ വർദ്ധനവ് കണക്കിലെടുത്ത് രണ്ട് മാസത്തേക്ക് ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി ലേബർ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും , ജോലി സമയം രാവിലെ 7 മുതൽ രാത്രി 7 മണിവരെയുള്ള സമയത്തിനുള്ളിൽ ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു .കടുത്ത വേനലായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു , പൊള്ളുന്ന ചൂടത്ത് യൂണിഫോമും ഷൂസും സോക്‌സും ടൈയും നിര്‍ബന്ധമാക്കരുത് എന്നാണ് ബാലാവകാശ കമ്മീഷന്‍ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് , പരീക്ഷാ ഹാളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു , കുട്ടികള്‍ക്ക് ഫാനും ഹാളില്‍ വായു സഞ്ചാരവും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് .നേരത്തെ മലപ്പുറത്ത് രണ്ട് യുവാക്കൾക്ക് സൂര്യാഘാതമേറ്റിരുന്നു .കൊല്ലത്ത് കർഷകന്റെ മരണവും സൂര്യാഘതത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു .തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പുകൾ ഗൗരവമായി കണക്കാക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: