തീർഥാടന ടൂറിസം: തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രം സൗന്ദര്യവത്കരണ പ്രവൃത്തി തുടങ്ങി

ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രം പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. എ എൻ ഷംസീർ എം എൽ എ നടപ്പാതയിൽ കല്ലുപാകി ഉദ്ഘാടനം ചെയ്തു. പ്രധാന ക്ഷേത്രങ്ങളിൽ ടൂറിസം വകുപ്പിന്റെ സഹായത്തോടെ നവീകരണ പ്രവൃത്തി നടത്തുന്നതിലൂടെ തീർഥാടന ടൂറിസം രംഗത്ത് കൂടുതൽ ഉണർവ് ഉണ്ടാകുമെന്ന്  എം എൽ എ പറഞ്ഞു.
തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ (കിഡ്ക്) അനുവദിച്ച 3.80 കോടി രൂപ ഉപയോഗിച്ചാണ് ജഗന്നാഥ ക്ഷേത്രം സൗന്ദര്യവത്ക്കരിക്കുന്നത്. നടപ്പാത, ഗാലറി, ഗുരുമന്ദിരത്തിന് ചുറ്റും എന്നിവിടങ്ങളിൽ ഗ്രാനൈറ്റ് പതിക്കൽ, ക്ഷേത്രക്കുള നവീകരണം, റോഡ് റീ ടാറിങ് തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ 1.39 കോടി രൂപ ചിലവിൽ നടപ്പാക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള റോഡ് ടാറിങ് പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ ശ്രീനാരായണ ഗുരു മ്യൂസിയം, ഇൻഫർമേഷൻ സെന്റർ എന്നിവ നിർമ്മിക്കും. ചടങ്ങിൽ  ജഗന്നാഥ ക്ഷേത്രം ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ സത്യൻ അധ്യക്ഷനായി. തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, ജ്ഞാനോദയ യോഗം ഡയറകടർമാരായ ഇ ചന്ദ്രൻ, കെ അജിത്കുമാർ, കെ കെ പ്രേമൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: