കാത്തിരിപ്പിന് വിരാമം; ആലക്കോട് പാലം പുനര്‍നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നാളെ

പ്രദേശവാസികളുടെ ഏറെകാലത്തെ കാത്തിരിപ്പിനു വിരാമമിട്ട് ആലക്കോട് പാലം പുനര്‍നിര്‍മ്മാണം യാഥാര്‍ഥ്യമാകുന്നു. പാലം നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനംപൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്തി ജി സുധാകരന് നാളെ (ഫെബ്രുവരി 17) വൈകിട്ട് 4.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. കെ സി ജോസഫ് എംഎല്‍എ അധ്യക്ഷനാവും.
ആലക്കോട് പഞ്ചായത്തിലെ ആലക്കോട് പുഴയ്ക്ക് കുറുകെ തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 32 മീറ്റര്‍ നീളവും 4.80 മീറ്റര്‍ വീതിയുമുള്ള ഈ പാലത്തിന് 48 വര്‍ഷത്തോളം പഴക്കമുണ്ട്. മലയോര ഹൈവേ റോഡുകള്‍ പുനരുദ്ധാരണം ചെയ്ത് യാത്രാ സൗകര്യം കൂട്ടിയെങ്കിലും ഇടയിലുള്ള വീതി കുറഞ്ഞ പാലം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
3.80 കോടി രൂപയുടെ ഭരണാനുമതിയാണ് പുതിയ പാലത്തിന് ലഭിച്ചിട്ടുള്ളത്. നിലവിലുള്ള പാലത്തിനു സമാന്തരമായി 45 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും ആര്‍സിസി ബീം ആന്‍ഡ് സ്ലാബ് മാതൃകയിലാണ് പുതിയ പാലം നിര്‍മ്മിക്കുക. പാലത്തിന്റെ ഇരുഭാഗത്തുമായി 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയും ഒരുക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനിന് വെല്ഫൗണ്ടേഷനും ഇരുഭാഗത്തുമുള്ള 7.5 മീറ്റര്‍ നീളമുള്ള സ്പാനുകള്‍ക്ക് സ്റ്റെപ് ഫൂട്ടിങ് അടിത്തറയുമാണ് നല്‍കുക. പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ ഏറെ കാലമായുള്ള യാത്രാപ്രശ്നത്തിന് പരിഹാരമാകും.