സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ചികിത്സാ രംഗെത്ത മുന്നേറ്റം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂം കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു

കണ്ണൂർ:അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല ആരോഗ്യ രംഗത്തെ വികസനമെന്നും ചികിത്സാ  സംവിധാനത്തിലും  രോഗീ പരിചരണത്തിലുമുള്ള മുന്നേറ്റം കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂം  നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ആരോഗ്യ മേഖലയിലെ വികസന പ്രക്രിയക്ക്  പിന്നില്‍ ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഈ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഏല്ലാവരും തയ്യാറായിക്കഴിഞ്ഞു.  941 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 600 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി.  ബാക്കി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 1644 തസ്തികകള്‍ കൂടി സൃഷ്ടിച്ചുവെന്നും  ഈ മാറ്റങ്ങളുടെ ഗുണഫലം പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ  ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. അംഗപരിമിതരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ കുട്ടികളുടെ അവസ്ഥ ഏറെ വേദനാജനകമാണ്. ഇത്തരം കുട്ടികളുടെ ജനനത്തിനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഇതിനായി ജനതക പരിശോധനാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ  കൊവിഡ് നിരക്ക് കൂടുന്നു എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല. ഇത്രയും കാലം കൊവിഡിനെ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്താതെ നാം ചെറുക്കുകയായിരുന്നു. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 0.7 ശതമാനം ആയിരുന്ന കൊവിഡ് നിരക്ക് ഇപ്പോള്‍ 0.4 ശതമാനമായി കുറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗബാധിതരാകാതിരിക്കാന്‍ നാം സ്വയം ശ്രദ്ധിക്കണമെന്നും മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
ഓണ്‍ലൈനായി നടന്ന ഉദ്ഘാടനത്തില്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, എം എം മണി, രാമചന്ദ്രന്‍ കടന്നപ്പള്ളി,  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, എം പി മാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ആശുപത്രിയില്‍, എന്‍എച്ച്എം സംസ്ഥാന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2.56 കോടി രൂപ ചെലവിലാണ് നവീകരിച്ച ലേബര്‍ റൂം കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ  അഡ്വ.കെ കെ രത്‌നകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി  കെ രാജീവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലേഖ, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ്്, ആര്‍ദ്രം മിഷന്‍ അസി. നോഡല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: