ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അഞ്ചാം വാർഷികാഘോഷം – സാംസ്കാരിക റാലിയും സാംസ്കാരിക സദസ്സും നടത്തി

ഇരിട്ടി : ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സദസ്സും നടന്നു. ഇരിട്ടി പാലത്തിനു സമീപത്തുനിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ സ്ത്രീകൾ അടക്കം നിരവധിപേർ പങ്കെടുത്തു. ഘോഷയാത്രയിൽ ഒറിജിനൽ ലൈബ്രറി ആന്റ് റീഡിങ്ങ് റൂം വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന കഥയെ ആസ്പദമാക്കി അവതരിപ്പിച്ച ടാബ്ലോ ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സംഗീതജ്ഞനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശുദ്ധമായ മനസ്സിൽ നിന്നാണ് ശുദ്ധമായ സംഗീതവും സംസ്ക്കാരവും പിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ പാട്ടുകൾ സാമൂഹ്യ നവോത്ഥാനത്തിന് പ്രേരകശക്തിയായിട്ടുണ്ടെങ്കിൽ ഇന്നത്തെ ചില പാട്ടുകളിൽ നിന്നും ശുദ്ധസംഗീതത്തിന്റെ ചില ചേരുവകൾ ചോർന്നു പോകുകയാണ്. റിയാലിറ്റി ഷോകളിൽ മാത്രം ഒതുങ്ങുന്ന രീതിയിൽ ചില ന്യൂ ജനറേഷൻ സംഗീതജ്ഞർ മലയാളഗാനത്തെ മാറ്റുന്നതായും അദ്ദേഹം പറഞ്ഞു . ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ മുഖ്യാതിഥി ആയിരുന്നു. പി.എം. ജോൺ രചിച്ച മനുഷ്യപുത്രന്മാരും മല ദൈവങ്ങളും എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം വേദിയിൽ നടന്നു. അഡ്വ. ബിനോയ് കുര്യൻ പുസ്തകം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.പി. രാമകൃഷ്ണന് കൈമാറി. പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യു്ട്ടീവ് മെമ്പർ എം. സി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എം. ശ്രീനേഷ് സ്വാഗതവും രഞ്ജിത്ത് കമൽ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: