കൊട്ടിയൂര്‍ പീഡനം: ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. മറ്റ് ആറ് പ്രതികളെയും വെറുതെവിട്ടു. തലശേരി പോക്സോ കോടതിയുടെതാണ് വിധി. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിൻ വടക്കുംചേരിയും പീഡനവിവരം മറച്ചുവച്ച ആറുപേരുമടക്കം ഏഴുപേരായിരുന്നു പ്രതികൾ.

വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളി.

2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും. ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി.

കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ്‌ സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.

ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരായിരുന്നു മറ്റു പ്രതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: