വൃക്ഷായുർവേദം: വേറിട്ട കാർഷിക രീതിയുമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായ കൃഷി രീതിയിൽ കാർഷികമേഖലയിൽ മുന്നേറാൻ തയ്യാറെടുത്ത് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. മനുഷ്യർ ആയുർവേദം ചികിത്സക്കായി തെരഞ്ഞെടുക്കുന്നത് പോലെ മരങ്ങൾക്കും ചെടികൾക്കും വേദകാലത്തെ രീതിയുപയോഗിച്ച് ആയുർവേദപരിചരണം നൽകുന്നതാണ് പദ്ധതിയെന്നും, ഇതിലൂടെ വിഷരഹിതവും ആരോഗ്യപരവുമായ ഭക്ഷണം ലഭിക്കുമെന്നും തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു

സംസ്ഥാനത്താദ്യമായി വൃക്ഷായുർവേദ പദ്ധതി ജനകീയാസൂത്രണപരിപാടിയിലൂടെ നടപ്പിലാക്കിയത് തലശ്ശേരി ബ്ലോക്ക് പഞ്ചായത്താണ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ധർമ്മടം, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി എന്നി പഞ്ചായത്തുകളിലെ 107 വാർഡുകളിലാണ് വൃക്ഷായുർവേദ കൃഷി ആരംഭിച്ചിരിക്കുന്നത്.

ഏഷ്യൻ രാജ്യങ്ങളിലെ പുരാതന കൃഷി അറിവുകൾ അടങ്ങിയ കൃഷി രീതിയാണ് വൃക്ഷായുർവേദം. ഹരിതകഷായം, മൃതസഞ്ജീവനി മുതലായ കൂട്ടുകളാണ് പ്രധാനമായും ചെടികൾക്കും പച്ചക്കറികൾക്കും വളമായി കൊടുക്കുന്നത്. ചാണകം, ശർക്കര, കഞ്ഞിവെള്ളം തുടങ്ങിയവ ഉപയോഗിച്ചാണ് ഈ ഔഷധക്കൂട്ടുകൾ ഉണ്ടാക്കുന്നത്. കാർഷികവിളകളുടെ ഉൽപാദനക്ഷമതാ വർധനവ്, മികച്ച രോഗപ്രതിരോധ ശേഷി, ഉൽപന്നങ്ങളുടെ മെച്ചപ്പെട്ട നിലവാരം, വരൾച്ച പ്രതിരോധം തുടങ്ങിയവയാണ് പദ്ധതിയുടെ ഗുണഫലങ്ങൾ.

കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചു കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട കൃഷിയാണ് വൃക്ഷായുർവേദം വഴി ലക്ഷ്യമിടുന്നത്. 2018-19 ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.

വിത്ത്, കഷായകൂട്ട്, കാർഷിക ഉപകരണങ്ങൾ തുടങ്ങിവ ഇതിനോടകം കർഷകർക്കായി നൽകിയിട്ടുണ്ട്. എല്ലാ വാർഡിലും ഓരോ കുടുംബശ്രീ യൂണിറ്റുകളെ തെരഞ്ഞെടുത്ത് കഷായക്കൂട്ടുകൾ നിർമ്മിക്കാനുള്ള പരിശീലനവും നൽകിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: