പോളിംഗ് വിവരങ്ങള്‍ തത്സമയം; താരമായി പോള്‍ മാനേജര്‍ ആപ്ലിക്കേഷൻ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് വിവരങ്ങള്‍ കൃത്യമായും വേഗത്തിലും തത്സമയം അറിയാന്‍ സഹായകമായത് പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍. ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുമുള്ള വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയാനും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനുമാണ് പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചതു മുതല്‍ പോളിംഗ് തീരും വരെയുള്ള ഓരോ വിവരങ്ങളും വളരെ വേഗത്തിലും കൃത്യതയോടെയും പോള്‍ മാനേജറിലൂടെ അപ്‌ഡേറ്റ് ചെയ്തത് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സഹായകമായി. രാവിലെ ഏഴുമുതല്‍ പോളിംഗ് അവസാനിക്കുന്നതുവരെ അരമണിക്കൂര്‍ ഇടവേളകളില്‍ മാധ്യമങ്ങള്‍ക്ക് പോളിംഗ് ശതമാനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കിയത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ്.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പരീക്ഷിച്ച് വിജയം കണ്ടു. തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് പറഞ്ഞു. .തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ,സെക്ടര്‍ ഓഫീസര്‍മാര്‍ എന്നിവരെയാണ് ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. ഒ ടി പി നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷന്‍ തുറക്കാം. നെറ്റ് വര്‍ക്ക് ഇല്ലാത്ത ബൂത്തുകളിലെ വിവരങ്ങള്‍ ബന്ധപ്പെട്ട സെക്ടര്‍ ഓഫീസര്‍മാര്‍ ശേഖരിച്ച് അപ്ഡേറ്റ് ചെയ്തു.
വോട്ടിംഗ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നതു മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് കലക്ഷന്‍ സെന്ററില്‍ എത്തിക്കും വരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമായി. വോട്ടെടുപ്പിന്റെ തലേ ദിവസവും വോട്ടെടുപ്പ് ദിവസവുമാണ് ഇത് ഉപയോഗിച്ചത്. ഓരോ മണിക്കൂറിലുമുള്ള പോളിംഗ് ശതമാനമടക്കമുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ പോള്‍ മാനേജര്‍ ആപ്പിനു കഴിയുന്നതിനാല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നതു മുതല്‍ തിരികെയെത്തും വരെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും തത്സമയം ലഭിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ 21 ചോദ്യങ്ങളാണ് ആപ്ലിക്കേഷനില്‍ ഉണ്ടാകുക. ഈ ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയത്.
ഒബ്സര്‍വര്‍, ഇലക്ഷന്‍ ഓഫീസര്‍, റിട്ടേണിംഗ് -അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, പോലീസ് തുടങ്ങിയവരുടെ കോണ്‍ടാക്റ്റ് നമ്പറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തി. വോട്ടിംഗ് മെഷീന്‍ തകരാറുകള്‍, അവ പരിഹരിച്ചതിന്റെ വിവരങ്ങള്‍,ക്രമസമാധാന പ്രശ്നങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ മൂലം പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് തടസ്സപ്പെട്ടാല്‍ ആ വിവരങ്ങള്‍ എന്നിവയും പോള്‍ മാനേജറിലൂടെ ലഭിച്ചു.
ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട pollmanager.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇലക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് വിവരങ്ങള്‍ തത്സമയം ലഭ്യമായത്. നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത ഘട്ടങ്ങളില്‍ പോള്‍ മാനേജറില്‍ അപ്ഡേറ്റ് ചെയ്യാന്‍ പറ്റാത്ത വിവരങ്ങള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാനും സാധിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഇ ഡ്രോപ്പ്, ട്രെന്‍ഡ് തുടങ്ങിയ ആപ്ലിക്കേഷനുകളും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ചിട്ടുണ്ട്. trend.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: