മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റിൽ; അപകടവുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയി അറസ്റ്റിലായി. ഈഞ്ചക്കല്‍ ഭാഗത്തിനിന്നാണ് ലോറി കണ്ടെത്തിയത്. വെളളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ പറഞ്ഞു. മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. അപകടം അറിഞ്ഞിരുന്നുവെന്ന് ഡ്രൈവര്‍ ജോയി പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അപകട സമയത്ത് ലോറി ഉടമ മോഹനനും വാഹനത്തിലുണ്ടായിരുന്നു. ഇയാളെയും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
മണലുമായി പോകുന്നതിനിടെയാണ് ലോറി പ്രദീപിന്‍റെ സ്കൂട്ടറിന് പിന്നിലിടിച്ചത്. ഇടിച്ചതിന് ശേഷം എന്തുകൊണ്ട് നിര്‍ത്താതെ പോയി എന്നതിന് ഡ്രൈവര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.
സ്കൂട്ടറിന് പിന്നില്‍ ലോറി ഇടിച്ചതോടെ പ്രദീപ് റോഡിലേക്ക് വീഴുകയും പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഡ്രൈവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേമം പോലീസ് സ്റ്റേഷനിലാണ് ലോറിയും ഡ്രൈവറെയും എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യല്‍ ഇവിടെ പുരോഗമിക്കുകയാണ്. ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിപക്ഷവും ബന്ധുക്കളും ദുരൂഹതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്.
പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികള്‍ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: