പോളിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകവേ സിപിഎം പ്രവർത്തകരെ ആക്രമിച്ചു

തളിപ്പറമ്പ്: പോളിംഗ് കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന സിപിഐഎം അനുഭാവിയെ ആക്രമിച്ചതായി പരാതി. ഞാറ്റുവയലിലെ സിപിഐഎം അനുഭാവി കുറിയാലി സിദ്ദീഖിനെയാണ് അക്രമിച്ചത്. തിങ്കളാഴ്ച രാത്രി 8.30 നാണ് സംഭവം. പോളിങ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഞാറ്റുവയൽ വായനശാലയ്ക്ക് സമീപത്തുവെച്ചാണ് അക്രമം. നിലവിളികേട്ട് വായനശാലയിൽ തെരഞ്ഞെടുപ്പ് കണക്ക് പരിശോധിക്കുന്ന സിപിഐഎം പ്രവർത്തകർ രക്ഷപ്പെടുത്താനായി ഓടിയെത്തിയപ്പോൾ ഇവരെയും സംഘം ആക്രമിച്ചു. അക്രമത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ശിവദാസ്, മൂന്നാം വാർഡ് തെരഞ്ഞെടുപ്പ് സെക്രട്ടറി പി സുമേഷ്, ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം ടി ധനേഷ് എന്നിവർക്കും പരിക്കേറ്റു. സിദ്ദീഖിന് തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റത്. ലീഗുകാരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സിപിഐഎം ഏരിയ സെക്രട്ടറി കെ സന്തോഷ്, കെ മുരളീധരൻ, ടി ബാലകൃഷ്ണൻ, പുല്ലായിക്കൊടി ചന്ദ്രൻ എന്നിവർ സന്ദർശിച്ചു.