തളിപ്പറമ്പ് – കല്യാശേരി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കണ്ണപുരം – ഒഴക്രോം- വെള്ളിക്കീൽ – ചന്തപ്പുര റോഡ് പ്രവൃത്തി ഉദ്ഘാടനം 17ന് ഒഴക്രോത്ത് നടക്കും

തളിപ്പറമ്പ്: തളിപ്പറമ്പ്- കല്യാശേരി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കണ്ണപുരം – ഒഴക്രോം- വെള്ളിക്കീൽ – ചന്തപ്പുര റോഡ് പ്രവൃത്തി ഉദ്ഘാടനം 17ന് ഒഴക്രോത്ത് നടക്കും. ആറ് പ്രധാന റോഡുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നത്. ചന്തപ്പുര, പരിയാരം മെഡിക്കൽ കോളേജ്, ശ്രീസ്ഥ, നെരുവമ്പ്രം, ഏഴോം, കോട്ടക്കീൽ, കാവിൻമുനമ്പ്, പറപ്പൂൽ, വെള്ളിക്കീൽ റോഡ് ജങ്ഷൻ, വെള്ളിക്കീൽ, ഒഴക്രോം, കണ്ണപുരംവരെ 29.77 കിലോ മീറ്റർ നീളത്തിലും ഒൻപത് മീറ്റർ വീതിയിലുമാണ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നത്. 38.65 കോടി രൂപ ചെലവഴിച്ചാണ് റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്യുന്നത്. . മാതമംഗലം, കുറ്റൂർ, ധർമശാല, കണ്ണപുരം എന്നിവിടങ്ങളിൽനിന്നും ദേശീയപാതയിലെ തിരക്ക് ഒഴിവാക്കി പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാം.
കെ കെ ബിൽഡേഴ്‌സാണ് റോഡ് പ്രവൃത്തി ഏറ്റെടുത്തത്. 24 മാസം കൊണ്ട് പൂർത്തിയാക്കും. കണ്ണപുരത്തുനിന്നാണ് പ്രവൃത്തി തുടങ്ങുന്നത്. ഇതോടൊന്നിച്ച് ജെയിംസ് മാത്യു എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് ഒന്നര ക്കോടി രൂപ ചെലവിൽ ധർമശാല മുതൽ ഒഴക്രോംവരെ പത്ത‌്മീറ്റർ വീതിയുള്ള റോഡും നിർമിക്കും.
തിങ്കളാഴ്ച പകൽ മൂന്നിന് മന്ത്രി ജി സുധാകരൻ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യും. ജയിംസ് മാത്യു എംഎൽഎ അധ്യക്ഷനാവും. പി കരുണാകരൻ എംപി, പി കെ ശ്രീമതി എംപി, ടി വി രാജേഷ് എംഎൽഎ എന്നിവർ മുഖ്യാതിഥികളാവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: