സ്‌കൂൾ കുട്ടികളുടെ ഗവേഷണത്തിനായി എസ് എസ് കെ യുടെ ശാസ്ത്രപഥം

0

വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനും പുതിയ ആശയങ്ങൾ കണ്ടെത്തി ഗവേഷണം നടത്താനും അവസരമൊരുക്കി സമഗ്ര ശിക്ഷ കേരള (എസ് എസ് കെ)യുടെ ശാസ്ത്രപഥം പദ്ധതി. ‘ശാസ്ത്രപഥം’, കെ ഡിസ്‌കിന്റെ ‘യങ്ങ് ഇന്നവേറ്റേഴ്‌സ്’ എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് എസ് എസ് കെ ശാസ്ത്രപഥം വൈ ഐ പി നടപ്പാക്കുന്നത്.
എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. പെൺകുട്ടികൾ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ, മത്സ്യത്തൊഴിലാളികളുടെ മക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിൽ ഉറപ്പാക്കും. പദ്ധതിയിൽ കുട്ടികൾക്ക് 22 വിഷയങ്ങളാണ് നൽകുക. ഇതിൽ നിന്നും താൽപര്യമുള്ളവ തിരഞ്ഞെടുത്ത് ഗവേഷണം നടത്താം. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങൾ കുട്ടികളുടെ ഗവേഷണ പ്രൊജക്ടുകൾക്ക് വേണ്ട സാങ്കേതിക, സാമ്പത്തിക സഹായം നൽകാനും മെന്റർമാരാകാനും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. മൂന്നു വർഷം വരെയുള്ള തുടർ പ്രവർത്തനവും സഹായവുമാണ് ഇത്തരം സ്ഥാപനങ്ങൾ നൽകുക. പൊതു വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ കുട്ടികൾക്ക് ഇതിൽ ഒറ്റയ്ക്ക് രജിസ്റ്റർ ചെയ്യാം. എന്നാൽ മൂന്ന് കുട്ടികൾ ചേർന്നുള്ള ഗ്രൂപ്പുകൾക്കാണ് തീം അപ് ലോഡ് ചെയ്യാനാകുക. സ്‌കൂൾ തലത്തിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 20നകം പൂർത്തിയാക്കും. മികച്ച പ്രൊജക്ട് സമർപ്പിക്കുന്ന ഗ്രൂപ്പിന് ഉപജില്ലാതലത്തിൽ ദ്വിദിന ഓറിയന്റേഷൻ നൽകും. പിന്നീട് ജില്ലാ, സംസ്ഥാന തലത്തിൽ വിവിധ പരിശീലനങ്ങൾ നൽകും. ചുറ്റുമുള്ള പ്രശ്‌നങ്ങൾ നിരീക്ഷിക്കാനും കണ്ടെത്തിയ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കാനും തുടർ ഗവേഷണം നടത്തി പുതിയ ആശയങ്ങളിൽ എത്തിച്ചേരാനും കുട്ടികൾക്ക് ഇതിലൂടെ സാധിക്കും. ഇതിനായി സ്‌കൂൾ തലത്തിൽ ശാസ്ത്രരംഗം കോ ഓർഡിനേറ്റർ, ഐ ടി കോ ഓർഡിനേറ്റർ, ഹയർസെക്കണ്ടറിയിൽ തെരഞ്ഞെടുത്ത ഒരു അധ്യാപകൻ എന്നിവർ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കും.ഇതിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരള സംഘടിപ്പിച്ച വൈ ഐ പി ശാസ്ത്രപഥം ജില്ലാതല ഏകദിന ശിൽപശാല ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ  ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി പി ഒ  ടി പി അശോകൻ, ശാസ്ത്ര രംഗം ജില്ലാ കൺവീനർ കെ പി വിനോദ് കുമാർ, പയ്യന്നൂർ ബി പി സി കെ സി പ്രകാശ്, ബി ആർ സി ട്രെയിനർ വൈ പ്രദീപ്, കെ ഡിസ്‌ക് ജില്ലാ കോ ഓർഡിനേറ്റർ ജീൻഷ രാജീവ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading