കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്: മൂന്നാംഘട്ടത്തിന് തുടക്കം


ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ മൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. കണ്ണൂരിൽ മേയർ അഡ്വ. ടി ഒ മോഹനൻ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പി ഷാഹിദക്ക് വാക്‌സിൻ കിറ്റ് നൽകി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.നവംബർ 15 മുതൽ ഡിസംബർ എട്ട് വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിലാണ് വാക്‌സിനേറ്റർമാർ വീടുകളിലെത്തി കുത്തിവെപ്പ് നടത്തുക. നാലു മാസത്തിന് മുകളിൽ പ്രായമുള്ള മൃഗങ്ങൾക്കാണ് കുത്തിവെപ്പ്. ജില്ലയിലെ 91706 പശുക്കളെയും 2449 എരുമ/പോത്തുകളെയും കുത്തിവെപ്പിന് വിധേയമാക്കും. ഇതിനായി കർഷകരിൽ നിന്ന് ഫീസ് ഈടാക്കില്ല. കുത്തിവെപ്പ് എടുത്താൽ പനി, പാൽ കുറയുക തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാവില്ല. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ ലൈസൻസുകൾ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിർബന്ധമാണ്. കുത്തിവെപ്പ് കാരണം അപകടങ്ങൾ സംഭവിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകും. കുത്തിവെപ്പിന് അനുവദിക്കാത്ത കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് കൈമാറും. 2030നകം ഇന്ത്യയെ കുളമ്പുരോഗ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാൽ, മാംസം എന്നിവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. വാക്‌സിനേഷനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ജില്ലയിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ പദ്ധതി വിശദീകരിച്ചു. എ ഡി സി പി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എ സീമ, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി വി ജയമോഹൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി അജിത് ബാബു, കണ്ണൂർ എസ് എൽ ബി പി ഡെപ്യൂട്ടി ഇൻചാർജ് ഡോ. എ കെ അബ്ദുൾ ഹക്കീം, കണ്ണൂർ സഹകരണ പാൽ വിതരണ സംഘം പ്രസിഡണ്ട് ടി രമേശൻ, കണ്ണൂർ ആർ എ എച്ച് സി അസി. പ്രൊജക്ട് ഓഫീസർ ഡോ. ഒ എം അജിത, കണ്ണൂർ എ ഡി സി പി ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ തോമസ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: