ഖാദി കോട്ട് വിതരണത്തിന് പരിയാരത്ത് തുടക്കമായി

0ആരോഗ്യ പ്രവർത്തകർക്ക് ഖാദിയുടെ വെള്ളക്കോട്ട്


സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് ഇനി ഖാദിയുടെ വെള്ള കോട്ട് ധരിക്കാം. ഡോക്ടർമാർ, നഴ്‌സിംഗ് സ്റ്റാഫ്, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരന് നൽകി നിർവഹിച്ചു. പതിനയ്യായിരത്തിലധികം ഖാദി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ജീവകാരുണ്യ പ്രവർത്തനമാണ് ബോർഡ് ഏറ്റെടുക്കുന്നതെന്ന് പി ജയരാജൻ പറഞ്ഞു. ഖാദി പഴയ ഖാദിയല്ല, പുതിയതാണ്. പാരമ്പര്യത്തെ ഉൾക്കൊണ്ട് കാലാനുസൃതമായി നവീകരിക്കുകയാണ് ഈ മേഖല. ഖാദിയെ നിലനിർത്തുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. പാരമ്പര്യത്തിന്റെ നന്മയായ ഖാദി വസ്ത്രം ധരിക്കുന്നത് ദേശാഭിമാനപരമായ പ്രവൃത്തിയായി നാം കാണണം- പി ജയരാജൻ പറഞ്ഞു.ദേശീയ മെഡിക്കൽ കമ്മീഷന്റെ ഉത്തരവനുസരിച്ച് ഖാദിക്ക് പിന്തുണ നൽകി രാജ്യത്തെ എല്ലാ ഡോക്ടർമാരും നഴ്‌സുമാരും ഖാദി കോട്ടുകൾ ധരിക്കുന്നുണ്ട്. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവനുസരിച്ചാണ് കേരളത്തിലെ ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്ക് ഖാദി കോട്ടുകൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കും കോട്ടുകൾ വിതരണം ചെയ്തു. പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ നിർമിച്ച കോട്ടുകളാണ് വിതരണം ചെയ്തത്.പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.എസ് പ്രതാപ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ.കെ സുദീപ്, കണ്ണൂർ ഗവ. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി സജി, ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എം കെ പ്രീത, പ്രൊജക്ട് ഓഫീസർ ഐ കെ അജിത് കുമാർ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ്, ആരോഗ്യ പ്രവർത്തകർ, വിദ്യാർഥികൾ, ഖാദി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: