വ്യാജ സ്വർണം പണയം വെച്ച് 72.70 ലക്ഷം രൂപ തട്ടിയെടുത്തു

തളിപ്പറമ്പ്: വ്യാജ സ്വർണ ലോക്കറ്റ് പണയം വെച്ച് സൗത്ത് ഇന്ത്യൻ ബേങ്കിൻ്റെ തളിപ്പറമ്പ് ശാഖയിൽ നിന്നും 72.70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. 2020 നവംബർ 25 മുതൽ 2022 നവംബർ 14 വരെ രണ്ട് കിലോഗ്രാമും 73.9 ഗ്രാമും (2073. 9ഗ്രാം)വരുന്ന സ്വർണ ലോക്കറ്റുകൾ പണയം വെച്ച് തൃക്കരിപ്പൂരില തലയില്ലത്ത് വീട്ടിൽ ജാഫറും പത്തോളം വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. അപ്രൈസറുടെ പരിശോധനയിൽ നാല് ഗ്രാം സ്വർണം പൂശിയ നിലയിലാണ് ഇത് കണ്ടത്. ഇതാണ് വ്യാജമാണെന്ന് കണ്ടെത്താൻ കഴിയാതെ പോയത്. പണയ സ്വർണം തിരിച്ചെടുക്കാത്തതിനെ തുടർന്ന് ലേലം ചെയ്യുന്നതിനായി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഈയക്കട്ടക്ക് പുറത്ത് സ്വർണം പൂശിയതാണെന്ന് കണ്ടത്. ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത് തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ജാഫർ മറ്റ് ബാങ്കുകളിലും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നുണ്ട്.