മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സംസ്ഥാനത്തെ മികച്ച ആശുപത്രിയാക്കി മാറ്റും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍


25 വര്‍ഷം മുന്നില്‍ കണ്ടുള്ള മാസ്റ്റര്‍ പ്ലാനിന് തുടക്കം

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ചികിത്സാ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അനുബന്ധ ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള  വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടപ്പാക്കുക. മികച്ച പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ ചികിത്സാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വിഭാഗത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച 7.62 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വിഭാഗം, ആശുപത്രി വികസന സൊസൈറ്റി പൊതുമരാമത്ത് വകുപ്പ് എന്നിവരോട് മന്ത്രി നിര്‍ദ്ദേശിച്ചു. അഞ്ച് കോടി രൂപ ചെലവില്‍ കാഷ്വാലിറ്റി, 2.5 കോടി രൂപ ചെലവില്‍ മറ്റ് അനുബന്ധ പ്രവൃത്തികള്‍ എന്നിവയാണ് നടപ്പാക്കുന്നത്. ജീവനക്കാരുടെ ക്വാട്ടേഴ്‌സിനായി എന്‍എച്ച് എം അനുവദിച്ച 1.25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ എന്‍ എച്ച് എം എഞ്ചിനീയറിങ്ങ് വിഭാഗത്തോട് മന്ത്രി നിര്‍ദ്ദേശിച്ചു. സോളാര്‍ പാനല്‍ നിര്‍മാണം, കുടിവെള്ള വിതരണം, മലിനജല പ്ലാന്റ്, മിന്നല്‍രക്ഷാചാലകം തുടങ്ങിയ അനുബന്ധ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആശുപത്രി സ്ഥിതി ചെയ്യുന്ന 10 ഏക്കര്‍ പ്രദേശം മുഴുവനായും ആശുപത്രി വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയുടെ ഇതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്നിവ യോഗത്തില്‍ വിലയിരുത്തി. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ജില്ലയുടെ അടയാളമായി മാറണമെന്നും മന്ത്രി പറഞ്ഞു.

ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ വി പ്രേമരാജന്‍ മാസ്റ്റര്‍, പികെ മുഹമ്മദ് കുഞ്ഞി, വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ.എന്‍ കെ ഷാജ്, ഡി പി എം പി കെ അനില്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.സി കെ ജീവന്‍ലാല്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ ജിഷാകുമാരി, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ആരോഗ്യ വിഭാഗം, മറ്റ് വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: