പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ.
പരപ്പ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കാരാട്ട് നെല്ലിയറയിലെ സുധീഷ്(27)നെയാണ് വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഒ സിബിയും സംഘവും അറസ്റ്റുചെയ്തത്. 2018-19 വര്‍ഷത്തില്‍ പെണ്‍കുട്ടി പരപ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഈ കേസില്‍ മറ്റൊരു പ്രതി ഒടയഞ്ചാലിലെ വിഷ്ണുവിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്യുകയും മാസങ്ങളോളം റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. പെണ്‍കുട്ടി അന്ന് ഗര്‍ഭിണിയായപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. അന്ന് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് കാമുകനായിരുന്ന വിഷ്ണുവായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റുചെയ്തത്. ഇപ്പോള്‍ മഹിളാ സമസ്യാ പ്രവര്‍ത്തകരുടെ മുന്നിലാണ് തന്നെ പീഡിപ്പിച്ചതില്‍ സുധീഷും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സുധീഷിന്റെ ഓട്ടോറിക്ഷയിലായിരുന്നു പെണ്‍കുട്ടി സ്ഥിരമായി സ്‌കൂളിലേക്ക് പോവുകയും തിരിച്ച് വരികയും ചെയ്തിരുന്നു. ഈ സമയത്ത് വീട്ടിനടുത്തുള്ള റബ്ബര്‍തോട്ടത്തില്‍ വെച്ച് നിരന്തരം പീഡിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇപ്പോള്‍ 19 വയസുള്ള പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒന്നരവയസുള്ള കുട്ടിയുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: