കേരളത്തിൽ ഇന്നും തീവ്രമഴ; കണ്ണൂരടക്കം ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എൻഡിആർഎഫിന്റെ നാല് യൂണിറ്റുകൾ കൂടി സംസ്ഥാനത്ത് എത്തും. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബുധനാഴ്ചയോടെ അറബിക്കടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. ബംഗാൾ ഉൾക്കടലിൽ ആന്തമാൻ ഭാഗത്ത് നിലവിലുള്ള ന്യൂന മർദം ഇന്ന് തീവ്ര ന്യൂന മർദമായി ശക്തി പ്രാപിക്കും. വടക്കൻ തമിഴ്‌നാടിന് മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിലും ചക്ര വാത ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ മഴ ശക്തിപ്രാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: