വകുപ്പുകൾ തമ്മിലെ തമ്മിലടി; കുട്ടികളുടെ വെള്ളം കുടി മുട്ടിച്ചു

കൊളച്ചേരി* :- ഒരു മന്ത്രിയുടെ തന്നെ കീഴിലുള്ള രണ്ടു വകുപ്പുകൾ തമ്മിലുള്ള വടംവലിയിൽ അവസാനം ബലിയാടായത് ഒന്നും അറിയാത്ത ഇരുപതോളം പിഞ്ചു കുട്ടികൾ !!!

ചേലേരി കാറാട്ട് അംഗനവാടിക്ക് മുന്നിലായി കൊളച്ചേരി പഞ്ചായത്ത് കുഴൽ കിണർ കുഴിക്കാൻ തുടങ്ങിയപ്പോഴാണ് ആരോഗ്യ വകുപ്പ് തടസ്സവാദങ്ങളുമായി വന്ന് ഇന്ന് രാവിലെ ആരംഭിച്ച പണി തടസ്സപ്പെടുത്തിയത്. അതോടു കൂടി പണിക്കാർ പണി നിർത്തിവെച്ച് തിരിച്ചുപോയി.

ഇതോടെ അംഗന വാടിയിലെ കുട്ടികൾക്ക് കുടിവെള്ളം ഇപ്പോളും കിട്ടാക്കനിയായി.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണർ ജലം കുടിക്കാൻ പോലും സാധിക്കാതെ മലിനമായ അവസ്ഥയിലാണ്.

കൊളച്ചേരി പഞ്ചായത്തിലെ കാരാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വടക്കു കിഴക്കായി 1976 ലെ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാലവാടി കെട്ടിടം പണിതത് .തുടർന്ന് 1994 ലെ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ സ്ഥലത്താണ് പഞ്ചായത്ത് ഫണ്ടിൽ അംഗനവാടിക്കായി ശുദ്ധ ജല വിതരണത്തിനായി കുഴൽ കിണർ കുഴിക്കാൻ പദ്ധതിയിട്ടത്.

അങ്ങനെയാണ് ഇന്ന് കുഴൽ കിണർ കുഴിക്കാനായി പണികൾ ആരംഭിച്ചത്. പക്ഷെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എതിർപ്പുമായി വരികയും പണികൾ തടയുകയുമായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം അനന്തൻ മാസ്റ്റർ ,വാർഡ് മെമ്പർ ചന്ദ്ര ദാനു എന്നിവർ വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും ഉടക്കു വാദങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അവർ ചെയ്തത്.

തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് നേരിട്ട് DMO വിനെ ബന്ധപ്പെട്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിക്കുകയും ചെയ്തു.

ഒരേ വകുപ്പിന്റെ കീഴിലുള്ള ആരോഗ്യ വകുപ്പും സാമുഹ്യ നീതി വകുപ്പും തമ്മിലുള്ള തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

വകുപ്പ് മന്ത്രിയോട് തന്നെ നേരിട്ട് ഇടപ്പെട്ട് പ്രശ്നം തീർക്കാൻ ആവശ്യപെട്ടെങ്കിലും പ്രശ്നങ്ങൾക്ക് ഇതു വരെ പരിഹാരമായില്ല.

പഴയ അംഗന വാടി കെട്ടിടം കാലപ്പഴക്കം കൊണ്ട് ജീർണിച്ചപ്പോൾ MLA ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപ ചിലവാക്കി പുതിയ അംഗനവാടി നിർമ്മിച്ചിട്ട് നാലു വർഷമായെങ്കിലും ആരോഗ്യ വകുപ്പിന്റെ അവകാശ തർക്കത്തെ തുടർന്ന് ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല..

വയോജന കേന്ദ്രമാക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും അവയൊക്കെ ഈ അവകാശ തർക്കം കാരണം അനാഥമായി കൊണ്ടിരിക്കുകയാണ്.

പഞ്ചായത്തിനു കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ

സർക്കാർ ഫണ്ടിൽ അനുവദിച്ച കുഴൽ കിണർ കുഴിക്കാൻ അനുവദിക്കാത്ത ആരോഗ്യ വകുപ്പിന്റെ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് അംഗനവാടികുട്ടികൾക്കാവശ്യമായ ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോവുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: