കാര്‍ഷിക കര്‍മ്മസേന കെട്ടിടം ഉദ്ഘാടനം ചെയ്തു

പരിയാരം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മസേനയ്ക്കായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടം ജെയിംസ് മാത്യു എംഎല്‍എ നാടിന് സമര്‍പ്പിച്ചു. കൃഷിവകുപ്പിന്റെ ആത്മ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ആലുള്ള പൊയിലില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. കര്‍മ്മസേനയുടെ ഓഫീസായും യന്ത്രങ്ങള്‍, നടീല്‍ വസ്തുക്കള്‍, നഴ്സറി സാമഗ്രികള്‍ എന്നിവ സൂക്ഷിക്കുന്ന ഷെഡ്ഡായും കെട്ടിടം ഉപയോഗിക്കും. പിഡബ്ല്യുഡിക്കായിരുന്നു നിര്‍മ്മാണ ചുമതല.
2014 ല്‍ രജിസ്റ്റര്‍ ചെയ്ത് 2016 ലാണ് പരിയാരം പഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മസേന പ്രവര്‍ത്തനമാരംഭിക്കുന്നത്. നടീല്‍ വസ്തുക്കളുടെയും ജൈവവളങ്ങളുടെയും ഉല്‍പാദനവും വിതരണവും, തൊഴിലാളികളെ ഉപയോഗിച്ചുള്ള കാര്‍ഷിക ജോലികള്‍, കാര്‍ഷികയന്ത്രങ്ങളുടെ സേവനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നു. പച്ചക്കറി തൈകള്‍, ഗ്രോ ബാഗുകള്‍ എന്നിവയ്ക്ക് സമീപ പഞ്ചായത്തുകളില്‍ നിന്നും ആവശ്യക്കാരേറെയാണ്. പന്ത്രണ്ടോളം തൊഴിലാളികളാണ് നിലവില്‍ കര്‍മ്മസേനയില്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ വി രമ, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കൃഷി ഓഫീസര്‍ എം ആര്‍ രമ്യാഭായി തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: