എളയാവൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

1 / 100
സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികള്‍ മെച്ചപ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  എളയാവൂര്‍  ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം  ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി. ആയുഷ് വിഭാഗത്തിന് കേന്ദ്ര വിഹിതമായി ചെറിയ തുക മാത്രമാണ് ലഭിക്കുന്നത്. ഇതുപയോഗിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ജനപ്രതിനിധികളുടെ ശ്രമഫലമായി മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നു. നാലുവര്‍ഷ കാലയളവില്‍ ആരോഗ്യരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ആയുര്‍വേദ ആശുപത്രികള്‍ക്കായി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
കണ്ണൂര്‍  ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ബ്ലോക്ക് നിര്‍മ്മിച്ചു. വിമാനത്താവളത്തോടനുബന്ധിച്ച് സ്ഥാപിക്കുന്ന ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  വരുന്നതോടെ ആയുര്‍വേദ ചികിത്സാ രംഗത്ത് വലിയ സാധ്യതകള്‍ക്ക് വഴി  തെളിയും. ആധുനിക ചികിത്സാ സംവിധാനം, മ്യൂസിയം, കൈയ്യെഴുത്ത് ഓലകളുടെ ശേഖരം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയും ഇവിടെ ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. ഇന്റര്‍ലോക്ക്, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ അനുബന്ധ പ്രവൃത്തികള്‍ക്കായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആറ് ലക്ഷം രൂപ അനുവദിച്ചു.
എളയാവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കോര്‍പ്പറേഷന്‍ മേയര്‍ സി സീനത്ത്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളായ ടി ഒ മോഹനന്‍, ജെമിനി, വെള്ളോറ രാജന്‍, പി ഇന്ദിര, കെ പി സീന, സി കെ വിനോദ്, ഷാഹിന മൊയ്തീന്‍, കൗണ്‍സലര്‍മാരായ ഇ പി ലത, സി സമീര്‍, പനിച്ചിയില്‍ പ്രേമജ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സീന, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ ടി സുധ എന്നിവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: