പച്ചത്തുരുത്തുകള്‍ ഭാവിയിലേക്കുള്ള നിക്ഷേപം: മുഖ്യമന്ത്രി

1 / 100
കണ്ണൂർ :വരുംതലമുറയ്ക്ക് കരുതിവയ്ക്കാവുന്ന വലിയ നിക്ഷേപങ്ങളാണ് പച്ചത്തുരുത്തുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ 65 പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ സന്തുലിതാവസ്ഥയും ജൈവവൈവിദ്ധ്യവും നിലനിര്‍ത്തുന്നതിന് ഏറെ സഹായകമാവുന്നവയാണ് പച്ചത്തുരുത്തുകള്‍.  പ്രകൃതിയെ പരിപാലിച്ചു വളര്‍ത്തണമെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കും. എല്ലാ വര്‍ഷവും പച്ചത്തുരുത്തുകള്‍ ഒരുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയിരം പച്ചത്തുരുത്തുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.1061 പച്ചത്തുരുത്തുകള്‍ പൂര്‍ത്തീകരിച്ചു. 454 ഏക്കര്‍ സ്ഥലത്ത് വിവിധങ്ങളായ ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷത്തൈകള്‍, കുറ്റിച്ചെടികള്‍.  ജൈവ വേലി തുടങ്ങിയവ ഒരുക്കി. പച്ചത്തുരുത്തുകളെ പ്രത്യേക പരിപാലനം നടത്തി സംരക്ഷിക്കാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തൊഴിലുറപ്പു പദ്ധതിയിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. വിദ്യാര്‍ഥികള്‍, പ്രാദേശിക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവരും ഇതിന്റെ ഭാഗമാകുന്നുണ്ട്.
ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളിലായി 65 ഉം മട്ടന്നൂര്‍, തളിപ്പറമ്പ് നഗരസഭകളില്‍ ഓരോന്നു വീതവുമായി 68.98 ഏക്കറിലാണ് പച്ചത്തുരുത്തുകള്‍ ഒരുക്കിയത്. കാട് വളര്‍ത്തുന്നതിനൊപ്പം ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്താന്‍ ഉദ്യമത്തിലൂടെ സാധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തരിശിടങ്ങള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പൊതു സ്ഥലങ്ങളുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും വളര്‍ത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ രൂപീകരിക്കുകയാണ്  ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാന ഐ ടി മിഷന്റെ  സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
ജില്ലയില്‍ പദ്ധതി വിജയകരമാക്കിയ 38 തദ്ദേശ സ്ഥാപനങ്ങളെയും തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ഹരിതകേരളം മിഷന്‍ സാക്ഷ്യപത്രം നല്‍കി ആദരിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍  ടി വി രാജേഷ് എം എല്‍ എ, പരിയാരം ഗ്രാമ പഞ്ചായത്തില്‍ ജെയിംസ് മാത്യു എം എല്‍ എ, കാങ്കോല്‍ – ആലപ്പടമ്പ ഗ്രാമപഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി സുനില്‍ കുമാര്‍, എരമം – കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ബാലകൃഷണന്‍, പിണറായി ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍, ചെറുതാഴം ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഒ വി നാരായണന്‍ എന്നിവര്‍ സാക്ഷ്യപത്രം കൈമാറി. ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് പ്രതിനിധികള്‍, ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: