പൊതുഗതാഗത വാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കണം: ഹൈക്കോടതി

വാഹനാപകടങ്ങളുടെ കാരണം കണ്ടെത്താന്‍ പൊതു ഗതാഗത വാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഡാഷ് ക്യാമറ സ്ഥാപിച്ചാല്‍ വാഹനാപകടങ്ങളുടെ ഉത്തരവാദികള്‍ക്ക് രക്ഷപ്പെടാനാകില്ല. വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ശീലങ്ങളും മറ്റും നിരീക്ഷിക്കാനും അശ്രദ്ധമായ ഡ്രൈവിംഗ് തടയാനുമുള്ള സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം അപകടങ്ങളില്‍ 4,200 പേരാണ് മരിച്ചത്. 31,000 പേര്‍ക്ക് പരിക്കേറ്റു. അതിനാല്‍ തന്നെ ക്യാമറ സ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോഴിക്കോട് പേരാമ്പ്രയില്‍ ബസിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ബസ് ഡ്രൈവറുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.

വാഹനത്തിനു പുറത്തെ ദൃശ്യങ്ങള്‍ വീഡിയോ ആയി പകര്‍ത്താന്‍ സ്ഥാപിക്കുന്ന ക്യാമറകളെയാണ് ഡാഷ് ക്യാമറകള്‍ എന്നു പറയുന്നത്. വാഹനത്തിനു മുന്നിലോ ഡാഷ് ബോര്‍ഡിലോ ഘടിപ്പിക്കാവുന്നവയാണ് ഇവ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡാഷ് ക്യാമറ നിര്‍ബന്ധമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: