പിഎസ്‌സി; വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലാര്‍ക്ക് നിയമനം വരുന്നു; പുതിയ വിജ്ഞാപനം നവംബറില്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള പുതിയ വിജ്ഞാപനം വരുന്നു. പിഎസ്‌സി യോഗത്തില്‍ അംഗീകരിച്ച കാര്യം നവംബറില്‍ പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സിയാണു യോഗ്യത.
എല്‍.ഡി.സി യുടെ യോഗ്യത എസ്.എസ്.എല്‍.സിയില്‍നിന്ന് പ്ലസ്ടുവാക്കി ഉയര്‍ത്തി 2011-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സ്‌പെഷ്യല്‍ റൂള്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ 2013-ല്‍ പ്രത്യേക ഉത്തരവിറക്കിയാണ് എസ്.എസ്.എല്‍.സി യോഗ്യത നിലനിര്‍ത്തി എല്‍.ഡി.സി വിജ്ഞാപനങ്ങള്‍ പി.എസ്.സി പ്രസിദ്ധീകരിക്കുന്നത്.

സ്‌പെഷ്യല്‍റൂള്‍ ഭേദഗതിചെയ്യുന്നതുവരെ എസ്.എസ്.എല്‍.സി യോഗ്യതയാക്കി നിയമനം നടത്താന്‍ പി.എസ്.സി ക്ക് അനുമതി നല്‍കുന്നതാണ് 2013 ജൂലായ് 23-ന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനവും പി.എസ്.സി തയ്യാറാക്കിയത്.

പൊതുവിഭാഗത്തിന്റെ ഉയര്‍ന്ന പ്രായപരിധി 36, ഒ.ബി.സി.ക്ക് 39, എസ് സി/എസ് ടി ക്ക് 41 എന്നിങ്ങനെയാണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാണു പ്രായം നിശ്ചയിക്കുക. 2021 ഏപ്രില്‍ ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണു ലക്ഷ്യമിടുന്നത്. നിലവിലുള്ള റാങ്ക് പട്ടികയുടെ മൂന്നുവര്‍ഷ കാലാവധി 2021 ഏപ്രില്‍ ഒന്നിന് അവസാനിക്കും.

എല്‍ ഡി ക്ലാര്‍ക്കിനൊപ്പം 64 തസ്തികകളുടെ വിജ്ഞാപനങ്ങളും അംഗീകരിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് കോളേജ് ലക്ചറര്‍, കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഹെഡ് ഓഫ് സെക്ഷന്‍, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിങ് ഓഫീസര്‍ തുടങ്ങിയവയാണു മറ്റു തസ്തികകള്‍.

ഇ-വേക്കന്‍സിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തപാല്‍ മുഖേനയും ഇ-മെയിലായും കിട്ടുന്ന ഒഴിവുകളും 2020 മാര്‍ച്ച്‌ 31 വരെ സ്വീകരിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: