ആനക്കൊമ്ബ് കൈവശം വച്ച കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തേവരയിലെ വീട്ടില്‍നിന്ന് ആനക്കൊമ്പുകളും കരകൗശല വസ്തുക്കളും പിടിച്ചെടുത്ത കേസില്‍ നടന്‍ മോഹന്‍ലാലിന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹന്‍ലാലിനു നല്‍കിയ നടപടിയില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍നിന്നു കണ്ടെടുത്തത്.

കേസില്‍ വനംവകുപ്പ് നേരത്തെ മോഹന്‍ലാലിനു കുറ്റപത്രം നല്‍കിയിരുന്നു. ഇതു തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടെന്നുമാണ് മോഹന്‍ലാല്‍ കോടതിയില്‍ വാദിച്ചത്. ‘തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതില്‍ നിയമ തടസമില്ല. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ല. തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും’ മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി എന്‍ കൃഷ്ണ കുമാര്‍, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ കൃഷ്ണ കുമാര്‍, ചെന്നൈ പെനിന്‍സുല സ്വദേശി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സെപ്തംബര്‍ 16 നാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി എ എ പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: