തൊടുപുഴയിലെ 7 വയസുകാരന്റെ മരണത്തില്‍ കാമുകന്‍ അരുണ്‍ ആനന്ദ്‌ മാത്രമാണ് പ്രതിയെന്ന് യുവതി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയുമായി കോടതിയില്‍

തൊടുപുഴ: തൊടുപുഴയില്‍ 7 വയസുകാരന്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയുമായി പ്രതിചേര്‍ക്കപ്പെട്ടിരുന്ന കുട്ടിയുടെ മാതാവായ യുവതി കോടതിയില്‍. കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്നും കാമുകനായ യുവാവാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നും പറഞ്ഞാണ് യുവതി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച്‌ 28 നായിരുന്നു തൊടുപുഴയിലെ വീട്ടില്‍ വച്ച്‌ അമ്മയുടെ കാമുകനായ അരുണ്‍ ആനന്ദ് എന്ന തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയുടെ മര്‍ദ്ദനമേറ്റ് 7 വയസുകാരന്‍ കൊല്ലപ്പെടുന്നത്. കുട്ടിയുടെ അമ്മയ്ക്കൊപ്പം തൊടുപുഴയിലെ വെങ്ങാനൂരില്‍ വാടകവീട്ടിലായിരുന്നു അരുണ്‍ ആനന്ദിന്റെ താമസം. യുവതിയുടെ ആദ്യ വിവാഹത്തിലെ മകനായിരുന്നു അരുണിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.

28ാം തീയതി രാത്രി ശരീരമാസകലവും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ നിലയില്‍ അരുണും യുവതിയും ചേര്‍ന്നാണ് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടി മരിച്ചു. 7 വയസുകാരന്‍ വീട്ടില്‍ നിരന്തരമായി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇക്കാര്യം പോലീസിനെ അറിയിക്കാതിരുന്നതും മനപ്പൂര്‍വ്വം കുട്ടിയുടെ ചികിത്സ വൈകിപ്പിച്ച്‌ മരണത്തിനിടയാക്കിയതിലും കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടായിരുന്നു എന്നായിരുന്നു ആരോപണം. സംഭവത്തിന് ശേഷവും കാമുകനെതിരെ നിലപാടെടുക്കാന്‍ യുവതി തയാറായിരുന്നില്ല. ഇതോടെയാണ് യുവതിയെക്കൂടി കൂട്ടുപ്രതിയാക്കി പോലീസ് കേസ് ഫയല്‍ ചെയ്തത്.

ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള ആളാണ്‌ യുവതിയുടെ പിതാവ്. അമ്മയ്ക്ക് ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയുമായും രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. യുവതിയെ കേസില്‍ നിന്നും രക്ഷപെടുത്താന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അതിനാല്‍ തന്നെ ഗുരുതരമായ വകുപ്പുകളല്ല യുവതിക്കെതിരെ ചുമത്തിയിരുന്നത്. സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന 201, 212 വകുപ്പുകളുള്ള കുറ്റങ്ങള്‍ ആയിരുന്നു യുവതിക്കെതിരെ ചുമത്തപ്പെട്ടത്. കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിച്ചതിനുള്ളതാണ് ഈ വകുപ്പ്. കേസിന്റെ വിചാരണ നേരിടാന്‍ മാത്രമുള്ള മാനസികാവസ്ഥയിലല്ല താനെന്നും സ്വന്തം കുട്ടിയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നും കാമുകനാണ് എല്ലാത്തിനും കാരണമെന്നും വിടുതല്‍ ഹര്‍ജിയില്‍ യുവതി പറയുന്നു.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അരുണ്‍ ആനന്ദ് മദ്യലഹരിയിലായിരുന്നു. ആശുപത്രിയില്‍ പോലീസിനോടും ജീവനക്കാരനോടും തര്‍ക്കിച്ച്‌ ഇയാള്‍ സമയം കളഞ്ഞത് അര മണിക്കൂര്‍ നേരമാണ്. കുട്ടിയെ എത്തിച്ച ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ അരുണ്‍ അതിന് തയാറായിരുന്നില്ല.

ഈ സമയം ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന യുവതിയും ആംബുലന്‍സില്‍ കയറാന്‍ താമസിച്ചു. ഇതാണ് യുവതിക്കെതിരെ ആരോപണം ഉയരാന്‍ കാരണമായത്. യുവതിയുടെ ഇളയ കുട്ടിയേയും അരുണ്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: