തിരുവനന്തപുരത്ത് 10 വര്‍ഷം മുന്‍പ് മരിച്ച വിദ്യാര്‍ത്ഥിയുടെ റീ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം ഭരതന്നൂരില്‍ പത്ത് വര്‍ഷം മുന്‍മ്ബ് മരിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിന്റെ കുഴിമാടം ഇന്ന് ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിക്കും. രാവിലെ പതിനൊന്ന് മണിയോടെയാണ് കുഴിമാടം തുറന്ന് പരിശോധിക്കുന്നത്. കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ ആദര്‍ശിനെ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ നടത്താനാണ് നടപടി. ശാസ്ത്രീയ പരിശോധനകളെക്കുറിച്ച്‌ ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

2009 ഏപ്രില്‍ 5നാണ് വീട്ടില്‍ നിന്നും പാല്‍ വാങ്ങാന്‍ പോയ ഭരതന്നൂര്‍ സ്വദേശി ആദര്‍ശിനെ വീടിന് സമീപതെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആദര്‍ശിന്റെ തലയ്ക്കും നട്ടെല്ലിനും ഏറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടും കാര്യമായ അന്വേഷണം നടന്നില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലെ സംഘം ഇന്ന് അവ പരിശോധിക്കും. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന തെളിവുകള്‍ ആദ്യം മുതല്‍ വിലയിരുത്തി തുടരന്വേഷണത്തിലേക്ക് കടക്കാനാണ് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെ മരണകാരണം തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കെന്ന് ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് ആദ്യ പരിശോധന.

ഡി.എന്‍.എ ഉള്‍പ്പെടെയുള്ള മറ്റ് പരിശോധനകളും ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ പരിശോധനാ ഫലങ്ങള്‍ ലഭ്യമാകാന്‍ മൂന്ന് മാസത്തിലധികം വേണമെന്നാണ് വിവരം. പരിശോധനകള്‍ തുടരുന്ന അതേ സമയം തന്നെ പ്രതികളെന്ന് സംശയമുള്ള ചിലരെ കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: