തലശ്ശേരി: മയ്യഴിയമ്മയുടെ നഗര പ്രദക്ഷിണം ഇത്തവണ പഴയ കാല ഓർമ്മകൾ ഉണർത്തുന്ന പത്തേമാരിയിൽ

തലശ്ശേരി: മയ്യഴിയമ്മയുടെ നഗര പ്രദക്ഷിണത്തിന് ഇത്തവണയൊരുക്കിയ കമനീയമായ രഥം മയ്യഴി പള്ളിയുടെ

ഗതകാല ചരിത്രത്തിന്റേയും, ഐതീഹ്യങ്ങളുടേയും ഓർമ്മത്തിരമാലകളിലേക്ക് വിശ്വാസികളെ ആനയിച്ചു.
പഴയ പോർത്തുഗീസ് ,പത്തേമാരി, യുടെ മാതൃകയിലുള്ള രഥത്തിലാണ് ജമന്തി പൂമാലകൾ കൊണ്ടലങ്കരിച്ച് ഇത്തവണ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപവുമായി ആയിരങ്ങൾ നഗരപ്രദക്ഷിണം നടത്തിയത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് യാത്രാമധ്യേ ആഴക്കടലിൽ ഇളക്കാൻ പോലുമാവാതെ നിന്നു പോയ പായക്കപ്പലിലെ കേബിനിൽ ഇളകുന്നതെരേസാ പുണ്യവതിയുടെ തിരുസ്വരൂപമാണ് കപ്പിത്താന് കാണാനായത്. മാതാവിന്റെ ആഗ്രഹം ഉൾവിളിയാലേ മനസ്സിലാക്കിയ കപ്പിത്താൻ വിഗ്രഹം, കപ്പലിന് അഭിമുഖമായി നിന്ന മയ്യഴിക്കരയിലെത്തിക്കുമെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചതോടെ കപ്പലിന്റെ ദീനം മാറുകയും ,ചലിച്ച് തുടങ്ങുകയും ചെയ്തുവെന്നാണ് വാമൊഴി ചരിത്രം. മയ്യഴിയിലേക്കുള്ള മാതാവിന്റെ ആഗമനത്തെ വിളംബരം ചെയ്യുന്നതാണ് ഇത്തവണത്തെ രഥം.
ഒൻപത് മീറ്റർ നീളവും, ഏഴര അടി വീതിയുമുള്ള പത്തേമാരി തയ്യാറാക്കിയത് മയ്യഴിക്കാരനായ കൊണ്ടോടി പ്രശാന്ത്

എന്ന ശിൽപ്പിയാണ്. ഇത് രണ്ടാം തവണയാണ് ഈ യുവാവ് മയ്യഴിപ്പള്ളിക്ക് വേണ്ടി രഥമൊരുക്കുന്നത്.

മുമ്പ് പുതുച്ചേരിയുടെ പ്രവേശന കവാടവും, സംസ്ഥാന സർക്കാരിന്റെ മുദ്രയുമായ ആയീ മണ്ഡപത്തിന്റെ മാതൃകയിലായിരുന്നു രഥം നിർമ്മിച്ചിരുന്നത്. മാഹി പോലീസിലെ ഹെഡ് കോൺസ്റ്റബിളും, നാടകനടനും, സംവിധായകനും, ശിൽപ്പിയുമായിരുന്ന പിതാവ് സി.ആർ.സി. മാഹി എന്ന കൊണ്ടോടി ചന്ദ്രനായിരുന്നു ദശകങ്ങളായി മയ്യഴി പള്ളിക്ക് വേണ്ടി വിവിധ മാതൃകയിലുള്ള രഥങ്ങൾ നിർമ്മിച്ചിരുന്നത്. ഓരോ വർഷവും സി.ആർ.സി.യുടെ രഥ മാതൃകകൾ പെരുന്നാളിനെത്തുന്നവർക്ക് കാതുകക്കാഴ്ചയായിരുന്നു. പിതാവിന്റെ ആകസ്മിക മരണത്തിന് ശേഷമാണ് ,അതേ വരെ സഹായിയായി നിന്നിരുന്ന പ്രശാന്ത് ,സ്വന്തമായി രഥങ്ങൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങിയത്. മാഹി ആനവാതുക്കൽ വേണുഗോപാല ക്ഷേത്രത്തിൽ കഴിഞ്ഞ ഏഴ് വർഷമായി ഘോഷയാത്രക്കുള്ള രഥങ്ങൾ നിർമ്മിച്ചു നൽകുന്നത് ഈ ചെറുപ്പക്കാരനാണ്. കലാശാലകളുടെ പിൻബലമില്ലാത്ത ഈ കലാകാരന്, പൈതൃകമായി സിദ്ധിച്ചതാണ് ശിൽപ്പ നിർമ്മാണത്തിലുള്ള വൈദഗ്ധ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: