വേങ്ങരയിൽ ഖാദർ തന്നെ; ലീഗിന്റെ ലീഡ് കുറച്ച് കരുത്തുകാട്ടി ഇടതുപക്ഷം
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. 23,310 വോട്ടിനാണ് കെ.എൻ.എ ഖാദർ ജയിച്ചത്. മുസ്ലിം ലീഗിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഖാദർ ജയിച്ചത്. ആകെ പോൾ ചെയ്ത 12,2623 വോട്ടിൽ 65,227 വോട്ടും ലീഗ് സ്ഥാനാർഥി നേടി. ഇടുപക്ഷ സ്ഥാനാർഥി പി.പി.ബഷീർ 41,917 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.
ശക്തമായ മത്സരത്തിൽ ലീഗിന്റെ കോട്ടകളിലുൾപ്പെടെ ഇടത് സ്ഥാനാർഥി ബഷീറിന് വിള്ളലുണ്ടാക്കാൻ സാധിച്ചു. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം വൻതോതിൽ കുറയ്ക്കാനും സാധിച്ചു. ഭൂരിപക്ഷത്തിൽ 14,747 വോട്ടിന്റെ കുറവാണ് ലീഗിന് ഇത്തവണയുണ്ടായത്.
ബിജെപിക്കും വേങ്ങരയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. എസ്ഡിപിഐ സ്ഥാനാർഥിയേക്കാളും ബിജെപി പിന്നിലായി. 8,648 വോട്ട് നേടിയ എസ്ഡിപിഐ മൂന്നാമതെത്തിയപ്പോൾ ബിജെപിക്ക് 5728 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലീഗ് വിമതൻ നോട്ടയേക്കാളും പിന്നിലായി. നോട്ടയ്ക്ക് 502 പേർ കുത്തിയപ്പോൾ വിമതന് 442 വോട്ടാണ് ലഭിച്ചത്.