വാതില്‍പ്പടി സേവനം; വാര്‍ഡ് തലത്തില്‍ സേവനമെത്തിച്ച് ഉദ്ഘാടനം

കണ്ണൂർ:വാതില്‍പ്പടി സേവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച്  ജില്ലയില്‍ തദ്ദേശസ്ഥാപന വാര്‍ഡ് തലത്തില്‍ ഒരു ഗുണഭോക്താവിന് നേരിട്ട് സേവനം ലഭ്യമാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. വാതില്‍പ്പടി സേവനം ജില്ലാതല സമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട്  ജില്ലയില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. ഉദ്ഘാടനത്തിന് മുന്നോടിയായി ഗുണഭോക്താക്കളുടെ പട്ടിക ഒന്ന് കൂടി പരിശോധിച്ച് വ്യക്തത വരുത്താന്‍ യോഗം  തീരുമാനിച്ചു.
നേരിട്ട് ഓഫീസുകളില്‍ പോയി സര്‍ക്കാര്‍ സേവനങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത അശരണര്‍, അവശത അനുഭവിക്കുന്നവര്‍, കിടപ്പിലായവര്‍ എന്നിവര്‍ക്ക് വീടുകളില്‍ സേവനമെത്തിച്ചു നല്‍കുന്നതാണ് വാതില്‍പ്പടി സേവനം. പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയര്‍ക്ക് പദ്ധതി ഏറെ ആശ്വാസമാവും. തുടക്കത്തില്‍ അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ ഡിവിഷനുകളിലുമാണ് നടപ്പാക്കുന്നത്. അഞ്ചു സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം, സാമൂഹിക സുരക്ഷ പെന്‍ഷന്‍ എന്നിവക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചു നല്‍കല്‍ തുടങ്ങിയ സേവനങ്ങളാണിത്. സംസ്ഥാനം, ജില്ലാ, തദ്ദേശം, വാര്‍ഡ് തലങ്ങളില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം നിയന്ത്രിക്കും. സന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരെയാണ് സേവനം ലഭ്യമാക്കാന്‍ നിയോഗിച്ചത്. ഇവര്‍ക്ക് വേണ്ട പരിശീലനം കിലയുടെ നേതൃത്വത്തിലാണ് നല്‍കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ഡിസംബറോടെ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കും.
യോഗത്തില്‍ എംഎല്‍എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, കോര്‍പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍, വാതില്‍പ്പടി സേവനം ജില്ലാതല സമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, വാതില്‍പ്പടി സേവനം ജില്ലാ സമിതി കണ്‍വീനര്‍ ഡിഡിപി ടി ജെ അരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: