മാർഗ്ഗതടസ്സവും അപകടക്കെണിയും സൃഷ്ടിച്ച് മോട്ടോർ വാഹനവകുപ്പിന്റെ സി എഫ് പരിശോധന

ഇരിട്ടി : മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജബ്ബാർക്കടവ് – കരിയാൽ- പായം റോഡിൽ നടക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന മേഖലയിൽ യാത്രാ തടസ്സവും അപകട സാധ്യതയും വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ. ഇരിട്ടി സബ് ആർ ടി ഓഫീസിന്റെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെയാണ് ഇവിടെ വിവിധ വാഹനങ്ങളുടെ പരിശോധന നടക്കുന്നത്. ഇതിനായി എത്തുന്ന വാഹനങ്ങളാണ് ഇവിടെ റോഡ് തടസ്സവും അപകടക്കെണിയും ഒരുക്കുന്നത്.
വാഹനങ്ങളുടെ ബ്രേക്ക് എടുക്കൽ, പുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ആഴ്ചയിൽ 4 ദിവസം ഇവിടെ വാഹനങ്ങൾ എത്തുന്നത്. ഇരിട്ടി – ജബ്ബാർക്കടവ്- പായം റോഡിൽ ജബ്ബാർക്കടവ് പാലത്തിന് സമീപം വെച്ചാണ് സി എഫ് പരിശോധന നടക്കുന്നത്. വീതികുറഞ്ഞതും വളവും കയറ്റവും ഇറക്കവുമുള്ള റോഡിൽ ഓട്ടോറിക്ഷമുതൽ ബസ്സും , ലോറിയും ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ എത്തി നിർത്തിയിടുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഇത് വാഹനക്കുരുക്കിനും അപകടഭീതിക്കും ഇടയാക്കുന്നു . ബസ്സുകളുടെയും ലോറികളുടെയും സ്പീഡ് ഗവേൺ സംവിധാനം പരിശോധിക്കണമെങ്കിൽ വാഹനം ഓടിച്ച് നേക്കേണ്ടതുണ്ട്. എന്നാൽ അത്തരത്തിലുള്ള പരിശോധന നടത്താൻ ഇവിടെ സ്ഥലമില്ലതാനും. സമീപത്ത് തന്നെ മൈതാനവും വളവും തിരിവുമില്ലാത്ത വീതികൂടിയ റോഡും ഉണ്ടെന്നിരിക്കേ ആണ് റോഡ് സുരക്ഷക്കുവേണ്ടി നിലകൊള്ളുന്ന മോട്ടോർ വാഹന വകുപ്പ് അധികൃതർ തന്നെ അപകടം വിളിച്ചു വരുത്തുന്ന രീതിയിൽ ഇങ്ങിനെ പരിശോധന നടത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: