കൊവിഡിനോട് പൊരുതിയ നവജാത ശിശു രോഗമുക്തയായി; അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിക്ക് ഇത് അഭിമാന നിമിഷം

2 / 100 SEO Score


അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിക്ക് അഭിമാനിക്കാന്‍ പുതിയൊരു നേട്ടം കൂടി.  കൊവിഡ് ബാധിച്ച നവജാത ശിശു കഴിഞ്ഞ ദിവസമാണ്  രോഗമുക്തയായി  വീട്ടിലേക്ക് മടങ്ങിയത്. സപ്തംബര്‍ നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് 11 ദിവസത്തെ പരിചരണത്തിന് ശേഷമാണ് കൊവിഡ് നെഗറ്റീവ് ആയത്. പ്രസവശേഷം വീട്ടിലെത്തിയ അമ്മയ്ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം കുഞ്ഞിനും രോഗബാധ കണ്ടെത്തി. നാല് ദിവസമായിരുന്നു അപ്പോള്‍ കുഞ്ഞിന്റെ പ്രായം.
മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കൊവിഡ് ബാധിച്ച്  മുമ്പും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍  ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് ആദ്യമായാണ് കൊവിഡ് ചികിത്സ  നല്‍കിയതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ നോഡല്‍ ഓഫീസര്‍ ഡോ. സി അജിത്ത് കുമാര്‍ പറഞ്ഞു. ആശുപത്രിയിലെ ശിശു രോഗവിദഗ്ദ്ധരായ ഡോ. കെ വി രതീഷും ഡോ. കെ ജി കിരണും കുഞ്ഞിന് ആവശ്യമായ എല്ലാ പരിചരണവും ഉറപ്പുവരുത്തി. നവജാത ശിശുക്കളുടെ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ നിയോനാറ്റല്‍ പള്‍സ് ഓക്സി മീറ്റര്‍, ചൂട് നല്‍കുന്നതിനായുള്ള വാര്‍മര്‍ എന്നിവ മറ്റ് ആശുപത്രികളില്‍ നിന്നും എത്തിച്ചു. കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പ്പെടുത്താതെ തന്നെയാണ്  ചികിത്സ നല്‍കിയത്. ഇതുവഴി കുഞ്ഞിന് മുലപ്പാല്‍ കൃത്യമായി നല്‍കാന്‍ സാധിച്ചു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലും ആര്‍ ടി പിസി ആര്‍ ടെസ്റ്റിലും കുഞ്ഞ് കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. പിറന്ന് വീണ നിമിഷം തൊട്ട് കൊവിഡിനോട് പൊരുതിയ ഈ പെണ്‍കുഞ്ഞാണ് ഇന്നത്തെ താരം.
കുഞ്ഞിനൊപ്പം അമ്മയും നെഗറ്റീവായതോടെ സന്തോഷത്തോടെ ഇരുവരും വീട്ടിലേക്കു മടങ്ങിയതായി ഡോക്ടര്‍ പറഞ്ഞു.
അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് ഇതിനകം 1760 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതിനകം ഇവിടെ പ്രവേശിപ്പിക്കപ്പെട്ട 2688 പേരില്‍ 1971 പേര്‍ കൊവിഡ് ബാധിതരും ബാക്കിയുള്ളവര്‍ കൊവിഡ് ബാധ സംശയിക്കുന്നവരുമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: