വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസിലെ മുഖ്യ പ്രതി ജസീലിന്റെ മൊഴിയെടുത്താല്‍ പല പ്രമുഖരും കുടുങ്ങും


കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസിലെ മുഖ്യ പ്രതി മന്ന ശാഖ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ജസീലിനെ കുടുക്കിയത് അന്വേഷണ സംഘത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ്. സൈബര്‍ സെല്ലിന്റെയും ഹൈടെക് സംവിധാനങ്ങളിലൂടെയും മികവില്‍ അന്വേഷണ സംഘം നടത്തിയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ജസീല്‍ വലയിലായത്. ജസീലിന്റെ ഒളിത്താവളം മണത്തറിഞ്ഞ സംഘം ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ കീഴടക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി ഒളിവിലായ സാഹചര്യത്തില്‍ അന്വേഷണം ദിശകിട്ടാതെ ഉഴലുകയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അന്വേഷണ സംഘം ഒന്നാംപ്രതിയെ കണ്ടെത്താനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്.
അന്വേഷണ സംഘത്തലവന്‍ കൂടിയായ ഡി വൈ എസ് പി. പി പി സദാനന്ദന്റെ അന്വേഷണ മികവും പ്രതിയെ വലയിലാക്കുന്നതിന് വഴിതെളിച്ചു. ഇതിന് മുമ്പ് നിരവധി കേസ് അന്വേഷണങ്ങളില്‍ മികച്ച അന്വേഷണ മികവിലൂടെ പ്രതികളെ പിടികൂടിയിട്ടുള്ള സദാനന്ദന്റെ മികവിന് ഒരംഗീകാരം കൂടിയാണ് ജസീലിന്റെ അറസ്റ്റ്.
മൂന്നരവര്‍ഷമായി വിവിധ സംഘങ്ങള്‍ അന്വേഷിച്ച കേസിലാണ് ഒടുവില്‍ സദാനന്ദന്‍ പൂര്‍ണത വരുത്താന്‍ പോകുന്നത്. തലശ്ശേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താല്‍ കേസിലെ മറ്റ് കാര്യങ്ങള്‍ക്ക് കൂടി തുമ്പാകും.
മറ്റുള്ളവര്‍ ആരെങ്കിലും ഇനി കേസില്‍ പ്രതിയാകുമോയെന്ന കാര്യവും ജസീലിനെ ചോദ്യംചെയ്താല്‍ മാത്രമേ വ്യക്തമാകുകയുള്ളൂ. ഇപ്പോഴത്തെ വളപട്ടണം സഹകരണ ബാങ്ക് ഭരണസമിതി കേസന്വേഷണത്തില്‍ 100 ശതമാനം സഹകരണമാണ് നല്‍കിയത്. ബാങ്കിന്റെ വിശ്വാസ്യതയും ജനപിന്തുണയും ഒന്നുകൂടി മെച്ചപ്പെടുത്താന്‍ കേസന്വേഷണത്തിന് 100 ശതമാനം പിന്തുണ വാഗ്ദാനം ചെയ്യണം. ഈയൊരു സാഹചര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സഹകരണമാണ് ഭരണസമിതി അന്വേഷണ സംഘത്തിന് നല്‍കിവരുന്നത്. പുതിയ ഭരണസമിതി അധികാരമേറ്റതോടെ ബാങ്കിന്റെ പ്രവര്‍ത്തനവും ഉഷാറായിട്ടുണ്ട്.
ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ തന്നെ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന്റെ ഫലം പ്രവര്‍ത്തനരംഗത്ത് എത്തിത്തുടങ്ങിയിട്ടുമുണ്ട്. ചതുപ്പ് നിലമടക്കമുള്ള സ്ഥലങ്ങളും മറ്റും പണയപ്പെടുത്തി വന്‍ തുക ലോണ്‍ വാങ്ങിയവരെ പണം തിരിച്ചടപ്പിക്കാനുള്ള ശ്രമങ്ങളും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുകയാണ്. ലോണ്‍ അടക്കാന്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ് ഭരണസമിതി. ബാങ്കിന്റെ ജനറല്‍ ബോഡി യോഗം ഈ മാസം 24ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്്. മുഖ്യപ്രതിയെ പിടികൂടിയതോടെ അന്വേഷണം നേര്‍വഴിക്ക് നീങ്ങുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: