സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ ടര്‍ഫുമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം മുഖം മിനുക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം പുതിയ രൂപഭാവ വൈവിധ്യത്തിലൂടെ നവീകരിക്കാന്‍ പദ്ധതി തയ്യാറായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജവഹര്‍ സ്റ്റേഡിയത്തിന്റെ മുഖം മിനുക്കുന്നത്. സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ ടര്‍ഫുമാണ് ഇതില്‍ പ്രധാനം.
11 കോടി മതിപ്പ് ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ കരട് രൂപരേഖയ്ക്ക് അന്തിമാനുമതി ലഭിച്ചതായി അറിയുന്നു. സ്‌പോര്‍ട്‌സ് വകുപ്പ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളായാണ് പണി പൂര്‍ത്തിയാക്കുക. കിഫ്ബിക്കാണ് ഇതിന്റെ ചുമതല. പിണറായി മന്ത്രിസഭയില്‍ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രിയായി അധികാരമേറ്റയുടന്‍ ഇ പി ജയരാജന്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചിരുന്നു. അതോടൊപ്പം എം പി ഫണ്ടില്‍ നിന്ന് പി കെ ശ്രീമതി ടീച്ചര്‍ ഒരുകോടി രൂപയും വാഗ്ദാനം ചെയ്തു.
കായികകേരളത്തിന് കരുത്ത് പകര്‍ന്ന ഫുട്‌ബോള്‍ നഗരമായ കണ്ണൂരിന് അത്യന്താധുനിക സൗകര്യത്തോടുകൂടിയുള്ള മൈതാനവും അത്‌ലറ്റിക് ട്രാക്കും വേണമെന്നുള്ളത് വളരെക്കാലം മുമ്പെയുള്ള മുറവിളിയായിരുന്നു. സ്പ്രിന്റ് റാണി പി ടി ഉഷയെപ്പോലുള്ളവര്‍ ഓടിക്കളിച്ച മണ്ണില്‍ നല്ലൊരു സിന്തറ്റിക് ട്രാക്ക് വേണമെന്നുള്ള ഏറെ നാളത്തെ മുറവിളി യാഥാര്‍ത്ഥ്യമാവുകയാണ്.
ഇ പി ജയരാജന്‍ തുടങ്ങിവെച്ച പദ്ധതി പുതുതായി ചുമതലയേറ്റ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഏറ്റെടുത്തതോടെ കണ്ണൂരിന്റെ ചിരകാലാഭിലാഷമാണ് പൂവണിയുന്നത്. ഫെഡറേഷന്‍ കപ്പ് കണ്ണൂരില്‍ നടന്നപ്പോഴാണ് ജവഹര്‍ സ്റ്റേഡിയം ഫ്‌ളഡ്‌ലിറ്റ് സംവിധാനത്തോടെ ആദ്യമായി ഒരുക്കിയത്. എന്നാല്‍ പിന്നീട് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിര്‍മ്മിച്ച ഫ്‌ളഡ്‌ലൈറ്റുകള്‍ അറ്റകുറ്റ പണി നടത്താന്‍ നാഥനില്ലാത്ത അവസ്ഥയില്‍ അസ്തമിക്കുകയായിരുന്നു. പിന്നീട് നായനാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും മറ്റും നടന്നപ്പോള്‍ താല്‍ക്കാലിക ഫ്‌ളഡ്‌ലൈറ്റാണ് ഉപയോഗിച്ചത്.
അതിനിടെ കക്കാട് നിര്‍മ്മിച്ച സ്വിമ്മിംഗ് പൂളിന്റെ പണി പൂര്‍ത്തിയായി. 1.5 കോടി രൂപ ചെലവിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇത് നിര്‍മ്മിച്ചത്. ഈമാസം ഒടുവില്‍ കുളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ഒന്നരക്കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മുണ്ടയാട് ജിംനേഷ്യത്തിന്റെ അത്യാധുനിക സംവിധാനങ്ങളുടെ പണിയും പൂര്‍ത്തിയായിവരികയാണ്. 4400 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മാണം. ഡിസംബറില്‍ ഇതിന്റെ ഉദ്ഘാടനം നടക്കും. മുണ്ടയാട് സ്റ്റേഡിയം എയര്‍ കണ്ടീഷന്‍ ചെയ്യുന്ന ജോലി അടുത്തമാസം ആദ്യവാരത്തോടെ പൂര്‍ത്തിയാവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: