സ്വാതന്ത്ര്യദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രി

കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ കര്‍മനിരതരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ 74മാത് സ്വാതന്ത്ര്യദിനം കൊണ്ടാടി. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ നോഡല്‍ ഓഫീസര്‍ ഡോ. സി അജിത്ത് കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മേല്‍ പുഷ്പവൃഷ്ടിയും നടത്തി.
ആശുപത്രിയിലെ ഇന്റേണ്‍സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്റെ പ്രദര്‍ശനവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്നു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഇന്‍സ്റ്റലേഷനില്‍ കൊവിഡ് വൈറസില്‍ നിന്നും പ്രതിരോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
അതിര്‍ത്തിയില്‍ കാവല്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരെ പോലെ കൊവിഡ് എന്ന മഹാമാരിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു അവസരമായിട്ട് വേണം ആരോഗ്യപ്രവര്‍ത്തകര്‍ ഈ  പ്രതിസന്ധിയെ കാണാന്‍ എന്ന് ഡോ. സി അജിത്ത് കുമാര്‍ സ്വാതന്ത്യദിന സന്ദേശത്തില്‍ പറഞ്ഞു. കൊവിഡിനെതിരെ പതറാതെ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും അര്‍പ്പണ ബോധത്തെ ഈ സ്വാതന്ത്ര്യദിനത്തില്‍ നമുക്ക് സ്മരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടെ 150 ഓളം പേരാണ് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: