പ്രളയം അച്ഛന്റെ ജീവനെടുത്തപ്പോള്‍ ഒറ്റയ്ക്കായ മനുഷയ്ക്ക് അച്ഛനമ്മമാരായി ജിതേഷും താരയും ; ഒപ്പം ജിജുവും

പ്രളയം അച്ഛന്റെ ജീവനെടുത്തപ്പോള്‍ ഒറ്റയ്ക്കായ മനുഷ എന്ന പെണ്‍കുട്ടി കേരളത്തിന്റെ വേദനയായി മാറിയിരുന്നു. എന്നാല്‍ ആ കൊച്ചു പെണ്‍കുട്ടിക്ക്‌ആരുമില്ലെന്നറിഞ്ഞ് വെറുതെയിരിക്കാന്‍ ജിതേഷിനും കുടുംബത്തിനും ആയില്ല. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല.ആ കുഞ്ഞിനൊരു കുടുംബത്തിന്റെ തണലേകാനുള്ള ആഗ്രഹം അവര്‍ പങ്കുവെച്ചു. എന്നാല്‍, തങ്ങളുടെ മകളായി മനുഷയെ ഒപ്പം കൂട്ടാന്‍ അവര്‍ക്ക് ചില കടമ്ബകള്‍ ഉണ്ടായിരുന്നു. വാടകവീട്ടില്‍ കഴിയുന്ന ജിതേഷിനും താരയ്ക്കും ഒരു കുഞ്ഞിനെ ദത്തെടുക്കാനാകില്ല.ഈ വിവരം അറിഞ്ഞതോടെ വൈപ്പിന്‍കരയില്‍ നിന്നും മനസുനിറയെ സ്‌നേഹവുമായി ഒരാള്‍ എത്തി. ഞാറയ്ക്കല്‍ സ്വദേശി ജിജു ജേക്കബാണ് തന്റെ വീട് ജിതേഷിനും കുടുംബത്തിനും നല്‍കാമെന്നേറ്റത്. ഇന്നിവര്‍ കോഴിക്കോട്ടേക്ക് പോകുകയാണ്, മനുഷയെ കാണാന്‍.മാവൂര്‍ മണക്കാട് ദുരിതാശ്വാസ ക്യാമ്ബിലാണ് മനുഷയുടെ ഏക ആശ്രയമായ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചത്. ഇതോടെ അവള്‍ അനാഥയായി. ക്യാമ്ബ് അവസാനിപ്പിച്ചതോടെ അടുത്തൊരു അഭയ കേന്ദ്രത്തിലാണ് അവളിപ്പോള്‍. വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞ ആലപ്പുഴ പൂങ്കാവ് സ്വദേശികളായ ജിതേഷ്-താര ദമ്ബതിമാര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.നിര്‍മാണത്തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന ജിതേഷിന്റെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. വാടകവീട്ടിലാണ് താമസം.സ്വന്തമായി വീടില്ലാത്ത ഒരാള്‍ക്ക് ദത്തെടുക്കാന്‍ നിയമപരമായി കഴിയില്ലെന്ന തിരിച്ചറിവിലാണ് ജിജു ജേക്കബ് തന്റെ എളങ്കുന്നപ്പുഴയിലെ വീട് ജിതേഷിന് നല്‍കാന്‍ തയ്യാറായത്. വ്യാഴാഴ്ച കോഴിക്കോട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കിയശേഷമാകും മറ്റു കാര്യങ്ങളിലേക്ക് കടക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: