വൈദ്യുതി നിരക്ക് വർദ്ധന നാളെ മുതൽ നിലവിൽ വരും

ഇന്ധന സർചാർജായി മൂന്നുമാസത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന്

15 പൈസ വർധിപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു. വ്യാഴാഴ്ച മുതൽ നവംബർ 15 വരെയുള്ള ഉപഭോഗത്തിനാണ് ഈ വർധന. ഇതിലൂടെ 81.65 കോടിരൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡിന് കമ്മിഷന്റെ അനുമതി. മാസം 20 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന എല്ലാവരും സർചാർജ് നൽകണം.

അണക്കെട്ടുകൾ നിറഞ്ഞതിനാൽ വൈദ്യുതി അധികം ഉത്പാദിപ്പിച്ച് വിൽക്കുകയാണ് ഇപ്പോൾ കേരളം. അണക്കെട്ടുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുകയും ചെയ്യുന്നു. ഇക്കാലത്തുതന്നെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ പണം ഈടാക്കാനാണ് തീരുമാനം. കണക്കുപ്രകാരം കഴിഞ്ഞവർഷം വൈദ്യുതി വാങ്ങിയതിന് അധികം ചെലവായതാണ് ഈ തുക. ഇത് പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് പല ഘട്ടങ്ങളായാണ് ബോർഡ് അപേക്ഷിച്ചത്. റെഗുലേറ്ററി കമ്മിഷൻ ഇതിൽ തീരുമാനമെടുത്തിരുന്നില്ല.

2017-18-ൽ കേരളത്തിന് പുറത്തുനിന്ന് വിലകൂടിയ താപവൈദ്യുതി വാങ്ങിയതിന് അധികം ചെലവായ 195 കോടി രൂപ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാണ് ബോർഡ് കമ്മിഷനോട് അനുവാദം ചോദിച്ചത്. ഇത് അനുവദിച്ചിരുന്നെങ്കിൽ യൂണിറ്റിന് 40 പൈസവരെ അധികം നൽകേണ്ടിവരുമായിരുന്നു. കമ്മിഷന്റെ പരിശോധനയിൽ ചെലവ് 180.55 കോടിരൂപയായി കുറഞ്ഞു. എന്നാൽ, ഇതിൽ 81.65 കോടിരൂപ ഈടാക്കാനേ അനുവദിച്ചിട്ടുള്ളൂ.

ഇക്കാലത്ത് കേരളത്തിന് പുറത്തുനിന്ന് വിവിധ കരാറുകൾ അനുസരിച്ച് കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങിയതിന് 98 കോടിരൂപ ബോർഡിന് ലാഭമുണ്ടായെന്നാണ് കമ്മിഷന്റെ കണക്ക്. ഇത് കിഴിച്ചുള്ള തുക മാത്രമേ ജനങ്ങളിൽനിന്ന് ഈടാക്കാവൂ എന്ന് കമ്മിഷൻ അംഗങ്ങളായ കെ.വിക്രമൻ നായരും എസ്.വേണുഗോപാലും നിലപാടെടുത്തു. കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് ഇതിനോട് വിയോജിച്ചു. 180.55 കോടിരൂപയും ജനങ്ങളിൽനിന്ന് ഈടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നിൽ രണ്ടുപേർ അംഗീകരിച്ച 81.65 കോടി രൂപയേ ബോർഡിന് പിരിച്ചെടുക്കാൻ പറ്റൂ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: