വളപട്ടണം ഐ.എസ് കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ

കൊച്ചി: ഐ.എസിൽ ചേരാൻ യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന കണ്ണൂർ വളപട്ടണം ഐ.എസ് കേസിൽ മൂന്നുപ്രതികൾക്കും തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കണ്ണൂർ മുണ്ടേരി മിഥിലാജ് (31), അഞ്ചാം പ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61) എന്നിവർക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും രണ്ടാം പ്രതി ചെക്കികുളം സ്വദേശി അബ്ദുൽ റസാഖി(28)ന് 5വർഷം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചത്. മൂന്ന് പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി 2016ലാണ് വളപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടക്കത്തിൽ വളപട്ടണം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.