കിണര്‍ കുഴിക്കുന്നതിനിടെ അപകടം: കുണ്ടറയില്‍ നാല് തൊഴിലാളികള്‍ മരിച്ചു

കൊല്ലം: കുണ്ടറ കോവിൽമുക്കിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി ശ്വാസംമുട്ടിയായിരുന്നു മരണം. കുണ്ടറ സ്വദേശികളായ രാജൻ(35), സോമരാജൻ(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് മരിച്ചത്. പെരുമ്പുഴ കോവിൽമുക്കിൽ രാവിലെ പത്തുമണിയോടെയാണ് അപകടം. കിണറ്റിലെ ചെളി നീക്കാൻ എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ആദ്യം രണ്ടുപേർ കിണറ്റിലിറങ്ങുകയായിരുന്നു. ഇവർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതോടെ മറ്റു രണ്ടുപേർ കൂടി ഇവരെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ ഇവരും കുടുങ്ങി. അതോടെ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. കിണറിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യം അൽപം പോലും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായിതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലുപേരെയും പുറത്തെത്തിച്ചപ്പോൾ ഒന്നോ രണ്ടോ പേർക്കുമാത്രമായിരുന്നു നേരിയതോതിൽ ശ്വാസമുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർ മൂടാൻ ഫയർ ഫോഴ്സ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെ കിണറും പരിസരവും കമ്പിവേലി കെട്ടി ആളുകൾ ഇവിടേക്ക് പ്രവേശിക്കാതെ ഇരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കിണറിന്റെ അടിയിൽ വിഷവാതകമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്താനും ഫയർ ഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: